കോട്ടയം: കിടങ്ങൂരില്‍ മീനച്ചിലാര്‍ കാവാലിപ്പുഴക്കടവില്‍ കാണാതായ മനേഷ് സെബാസ്റ്റ്യന്‍റെ മൃതദേഹം കണ്ടെത്തി. കിടങ്ങൂർ ചേർപ്പുങ്കൽ സ്വദേശി മനേഷിനെ കാണാതായതിന്‍റെ മൂന്നാംദിവസമാണ് മൃതദേഹം കണ്ടെത്തുന്നത്. നേവിയും ഫയര്‍ ഫോഴ്‌സും സംയുക്ത തിരച്ചില്‍ നടത്തുന്നതിനിടെ പുന്നത്തുറ പള്ളിക്കടവില്‍ മൃതദേഹം ഒഴുകിയെത്തുകയായിരുന്നു.
മീനച്ചിലാറ്റില്‍ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി - മൃതദേഹം കണ്ടെത്തി
ആറ്റിലൂടെ ഒഴുകി വന്ന തടി പിടിക്കാനുള്ള ശ്രമത്തിനിടെയാണ് ചേർപ്പുങ്കൽ സ്വദേശിയായ മനേഷ് ഒഴുക്കില്‍പ്പെട്ടത്.
വെള്ളിയാഴ്ച വൈകുന്നേരം ആറരയോടെയാണ് മനേഷിനെ ഒഴുക്കില്‍പ്പെട്ട് കാണാതായത്. ആറ്റിലൂടെ ഒഴുകി വന്ന തടി പിടിക്കാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്. മനേഷും സുഹൃത്തുക്കളും ചേര്‍ന്നാണ് മീനച്ചിലാറ്റില്‍ ഒഴുകിവന്ന തടി പിടിക്കാന്‍ ശ്രമിച്ചത്. കാവാലിപ്പുഴ ഭാഗത്തായിരുന്നു സംഭവം. മൂവരും തിരികെ നീന്തുന്നതിനിടെയായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന ജിതീഷ്, റിനു എന്നിവര്‍ കരയ്ക്ക് എത്തിയെങ്കിലും മനീഷ് ഒഴുക്കില്‍പ്പെടുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ടും ശനിയാഴ്ച പകല്‍ മുഴുവനും തിരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്താൻ കഴിയാതെ തിരച്ചില്‍ നിര്‍ത്തിവച്ചിരുന്നു. കിടങ്ങൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.