കേരളം

kerala

By

Published : Mar 18, 2023, 2:48 PM IST

Updated : Mar 18, 2023, 5:09 PM IST

ETV Bharat / state

മാർ ജോസഫ് പൗവത്തിൽ കാലം ചെയ്‌തു; വിടവാങ്ങിയത് സഭയുടെ ക്രാന്തദര്‍ശിയായ ആചാര്യന്‍

ചങ്ങനാശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവത്തിൽ കാലം ചെയ്‌തത് വാര്‍ധക്യ സഹചമായ അസുഖങ്ങളെ തുടര്‍ന്നാണ്

മാർ ജോസഫ് പൗവത്തിൽ കാലം ചെയ്തു  Mar Joseph Powathil passes away  ചങ്ങനാശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ്  Mar Joseph Powathil profile  മാർ ജോസഫ് പൗവത്തിൽമാർ ജോസഫ് പൗവത്തിൽ ചരിത്രം
മാർ ജോസഫ് പൗവത്തിൽ

കോട്ടയം:ചങ്ങനാശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവത്തിൽ കാലം ചെയ്‌തു. 92 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചങ്ങനാശേരി ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ശ്വാസതടസം അടക്കമുള്ള അസുഖങ്ങളെ തുടർന്ന് ഇന്ന് ഉച്ചക്ക് 1.17 ഓടെയായിരുന്നു അന്ത്യം. 1985 മുതൽ 2007 വരെ ചങ്ങനാശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പായിരുന്നു മാർ പൗവത്തിൽ. മുൻ ഇൻ്റർ ചർച്ച് കൗൺസിൽ ചെയർമാനുമായിരുന്നു.

ജനനം പൗവത്തില്‍ കുടുംബത്തില്‍:ചങ്ങനാശേരി അതിരൂപതയിലെ കുറുമ്പനാടം അസംപ്ഷന്‍ ഇടവകയില്‍ അതിപുരാതനമായ പൗവത്തില്‍ കുടുംബത്തില്‍ 1930 ഓഗസ്റ്റ് 14ന് ആയിരുന്നു മാര്‍ ജോസഫ് പൗവത്തിലിന്‍റെ ജനനം. പൗവത്തില്‍ അപ്പച്ചന്‍-മറിയക്കുട്ടി ദമ്പതികളാണ് മാതാപിതാക്കള്‍. പുളിയാങ്കുന്ന് ഹോളി ഫാമിലി എല്‍പി സ്‌കൂള്‍, കുറുമ്പനാടം സെന്‍റ് പീറ്റേഴ്‌സ് ഹൈസ്‌കൂള്‍, ചങ്ങനാശേരി എസ്ബി ഹൈസ്‌കൂള്‍, എസ്ബി കോളജ് എന്നിവിടങ്ങളിലാണ് പഠനം.

1962 ഒക്ടോബര്‍ മൂന്നിനാണ് ജോസഫ് പൗവത്തില്‍ പൗരോഹിത്യം സ്വീകരിക്കുന്നത്. 1972 ജനുവരി 29ന് ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായി നിയമിക്കപ്പെട്ടു. 1972 ഫെബ്രുവരി 13ന് റോമില്‍ വച്ച് പോള്‍ ആറാമന്‍ പാപ്പായില്‍ നിന്നാണ് മെത്രാഭിഷേകം സ്വീകരിച്ചത്. ആര്‍ച്ച്ബിഷപ് മാര്‍ ആന്‍റണി പടിയറയുടെ സഹായമെത്രാനായായിരുന്നു നിയമനം.

ക്രാന്തദര്‍ശിയായ ആചാര്യന്‍: 1977 ഫെബ്രുവരി 26ന് കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിക്കപ്പെട്ടപ്പോള്‍ രൂപതയുടെ പ്രഥമ ബിഷപ്പായി നിയമിതനായി. 1977 മേയ് 12നാണ് സ്ഥാനാരോഹണം. മാര്‍ ആന്‍റണി പടിയറ സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പായി നിയമിതനായതിനെ തുടര്‍ന്ന് 1985 നവംബര്‍ അഞ്ചിന് ചങ്ങനാശേരി ആര്‍ച്ച്ബിഷപ്പായി നിയമിതനായി. 1986 ജനുവരി 17ന് സ്ഥാനാരോഹണം. 22വര്‍ഷക്കാലം ചങ്ങനാശേരി അതിരൂപതയുടെ സര്‍വതോന്മുഖമായ വളര്‍ച്ചക്കായി പ്രവര്‍ത്തിച്ച മാര്‍ പൗവത്തില്‍ സഭയുടെ ക്രാന്തദര്‍ശിയായ ആചാര്യനായിരുന്നു.

സഭയുടെ ക്രൗണ്‍ ഓഫ് ദി ചര്‍ച്ച്: ക്രൗണ്‍ ഓഫ് ദ ചര്‍ച്ച് എന്നാണ് സഭാപിതാക്കന്മാര്‍ മാര്‍ പൗവത്തിലിനെ വിശേഷിപ്പിക്കുന്നത്. 1993 മുതല്‍ 1996 വരെ കെസിബിസി പ്രസിഡന്‍റും 1994 മുതല്‍ 1998 വരെ സിബിസിഐ പ്രസിഡന്‍റും ആയിരുന്നു. 2007 മാര്‍ച്ച് 19ന് മാര്‍ ജോസഫ് പൗവത്തില്‍ വിരമിച്ചു, മാര്‍ജോസഫ് പെരുന്തോട്ടം ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പായി നിയമിതനായി.

സഭാവിജ്ഞാനത്തില്‍ അഘാതമായ പാണ്ഡിത്യം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ബനഡിക് പതിനാറാമന്‍ മാര്‍പ്പാപ്പയുമായുള്ള അദ്ദേഹത്തിന്‍റെ സൗഹൃദം ഏറെ പ്രശസ്‌തമാണ്. സീറോ മലബാര്‍ സഭയില്‍ മാര്‍പ്പാപ്പയാല്‍ അഭിഷേകം ചെയ്യപ്പെടുന്ന ആദ്യ ബിഷപ്പാണ് മാര്‍ ജോസഫ് പൗവത്തില്‍. അഞ്ച് മാര്‍പ്പാപ്പമാര്‍ക്കൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ശക്‌തമായ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച വ്യക്തിത്വം:സിറോ മലബാര്‍ സഭയുടെ വ്യക്തിത്വം വീണ്ടെടുക്കുന്നതില്‍ നിര്‍ണായക പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ നടന്നു. സിറോ മലബാര്‍ സഭയുടെ നിലപാടുകള്‍ അദ്ദേഹം ശക്‌തമായി പൊതുരംഗത്ത് ഉയര്‍ത്തി. കാര്‍ഷിക, വിദ്യാഭ്യാസ വിഷയങ്ങളില്‍ ഉറച്ച നിലപാടുകള്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നു.

സിറോ മലബാര്‍ സഭയില്‍ ആരാധന ക്രമം പുനരുദ്ധരിക്കാനുള്ള ശ്രമങ്ങള്‍ അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ നടന്നു. കര്‍ഷകരുടെ താത്‌പര്യ സംരക്ഷണത്തിനായി എന്നും മുന്നിട്ടിറങ്ങിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. പീരുമേട്, കുട്ടനാട്, മലനാട് തുടങ്ങിയ വികസന സമിതികള്‍ക്ക് അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ രൂപീകൃതമായി.

Last Updated : Mar 18, 2023, 5:09 PM IST

ABOUT THE AUTHOR

...view details