കോട്ടയം: യു.ഡി.എഫ് നേതൃത്വം മികച്ചതാണെങ്കിലും പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത രീതി ശരിയായില്ലെന്ന് മാണി സി.കാപ്പൻ എം.എൽ.എ. ഈക്കാര്യത്തിലുള്ള തന്‍റെ അതൃപ്‌തി യു.ഡി.എഫിൽ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
രമേശ് ചെന്നിത്തല കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിനെതിരെ ഉയർത്തിയ ആരോപണങ്ങളെല്ലാം ശരിയാണെന്ന് തെളിഞ്ഞതാണ്. അദ്ദേഹത്തെ മാറ്റിയ രീതിയോടാണ് വിയോജിപ്പെന്നും അദ്ദേഹം പറഞ്ഞു. വി.ഡി. സതീശൻ മികച്ച പ്രതിപക്ഷ നേതാവാണെന്നതിൽ തർക്കമില്ല. എന്നാൽ കെ.പി.സി.സി പ്രസിഡന്‍റിനെ നിശ്ചയിച്ചതു പോലെ പൊതുസമ്മത ധാരണയോടെ വി.ഡി. സതീശനെ നിശ്ചയിക്കുന്നതിൽ പാളിച്ച വന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. കോട്ടയം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.