കോട്ടയം : മാംസ ഉത്പാദനത്തിന്‍റെ കാര്യത്തില്‍ സംസ്ഥാനം സ്വയം പര്യാപ്‌തതയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്ന് മൃഗസംരക്ഷണ വകുപ്പുമന്ത്രി ജെ. ചിഞ്ചുറാണി. കോട്ടയം ജില്ല പഞ്ചായത്തിന്‍റെ മണര്‍കാട് പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ 1.18 കോടി രൂപയുടെ വികസന പദ്ധതി ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു ചിഞ്ചുറാണി. രണ്ടാം പിണറായി സര്‍ക്കാറിന്‍റെ കാലാവധി അവസാനിക്കും മുമ്പ് തന്നെ മുട്ടയുത്പാദനത്തിന്‍റെ കാര്യത്തിലും സ്വയം പര്യാപ്‌തമാവുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
കുടുംബശ്രീകള്‍ വഴിയുള്ള മുട്ടയുത്പാദനം ചില ജില്ലകളില്‍ ആവശ്യത്തില്‍ കൂടുതലുണ്ടെന്ന് മന്ത്രി പറഞ്ഞു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും അങ്കണവാടി കുട്ടികള്‍ക്കും നല്‍കുന്ന പാലിനൊപ്പം മുട്ട പദ്ധതിയില്‍ കുടുംബശ്രീകള്‍ ഉത്പാദിപ്പിക്കുന്ന മുട്ട ഉപയോഗപ്പെടുത്താവുന്നതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. എഴുപതിനായിരം മുട്ടക്കോഴി കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാനുള്ള ശേഷിയില്‍ നിന്ന് ഒരു ലക്ഷം കുഞ്ഞുങ്ങളെ വികസിപ്പിക്കാനുള്ള കഴിവിലേക്ക് മണര്‍കാട് കോഴിവളര്‍ത്തല്‍ കേന്ദ്രം മാറിയതായി വിവിധ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു.
വിനോദസഞ്ചാരത്തിന് കൂടി അനുയോജ്യമായ തരത്തിലാണ് മണര്‍കാട് പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രമെന്നും ഭാവിയില്‍ വിനോദ സഞ്ചാരികളെ കൂടി ആകര്‍ഷിക്കുന്ന തരത്തിലുള്ള വികസന പ്രവൃത്തികള്‍ക്ക് ശ്രദ്ധ നല്‍കണമെന്നും മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. മൃഗസംരക്ഷണവകുപ്പിന്‍റെ സഹായത്തോടെ നിര്‍മിച്ച 89 ലക്ഷം രൂപയുടെ രണ്ട് ലെയര്‍ ഷെഡ്ഡുകള്‍, ക്വാട്ടേഴ്‌സ് നവീകരണം എന്നിവയുടെയും കോട്ടയം ജില്ല പഞ്ചായത്തിന്‍റെ 49 ലക്ഷം രൂപ ധനസഹായത്തോടെ നിര്‍മിച്ച രണ്ട് ഡബിള്‍ സെറ്ററും ഹാച്ചറും, ഫാം റോഡ്, ഫാം എന്നിവയുടെയും ഉദ്ഘാടനമാണ് ഇന്ന് (ഓഗസ്റ്റ് 1) നടന്നത്.