കോട്ടയം : ഉന്തുവണ്ടിയിൽ വലിയ പാത്രങ്ങളിൽ വെള്ളവുമായി പോകുന്ന മധ്യവയസ്‌കൻ പൊൻകുന്നംകാർക്ക് പുതുമയുള്ള കാഴ്ചയല്ല. അവർ എന്നും കാണുന്നതാണിത്. 36 വർഷമായി പൊൻകുന്നത്തെ വ്യാപാര സ്ഥാപനങ്ങളിൽ കുടിവെള്ളം എത്തിച്ചുനൽകുന്നത് സന്തോഷ് ഭാസ്‌കരനാണ്.
13ാമത്തെ വയസിലാണ് സന്തോഷ് കടകളിൽ വെള്ളമെത്തിച്ച് തുടങ്ങിയത്. പഞ്ചായത്ത് കിണറ്റിൽ നിന്ന് വെള്ളം കോരി ഉന്തുവണ്ടിയിലാണ് സന്തോഷ് കടകളിലെത്തിക്കുന്നത്. അന്ന് കടകളിൽ വെള്ളമെത്തിക്കാൻ നിരവധി പേരുണ്ടായിരുന്നു. എന്നാലിപ്പോൾ സ്ഥിതി മാറി. ഇന്ന് പൊൻകുന്നത്തെ കടകളിൽ വെള്ളമെത്തിക്കാൻ സന്തോഷ് മാത്രമാണുള്ളത്.
മൂന്ന് പതിറ്റാണ്ടിലധികമായി കടകളിൽ ഉന്തുവണ്ടിയിൽ വെള്ളമെത്തിച്ച് പൊന്‍കുന്നം സ്വദേശി പഞ്ചായത്ത് കിണറ്റിൽ നിന്ന് വെള്ളം കോരി ഉന്തുവണ്ടിയിലെ വലിയ പാത്രത്തിൽ നിറയ്ക്കും. എന്നിട്ട് കലങ്ങളിലാക്കി തലച്ചുമടായാണ് കടകളിലെത്തിക്കുന്നത്. ഒരു കലം വെള്ളത്തിന് 10 രൂപയാണ് സന്തോഷ് വാങ്ങിക്കുന്നത്.
എന്നും വെളുപ്പിന് രണ്ടുമണിക്ക് തുടങ്ങുന്ന ജോലി 11 മണിയോടെ അവസാനിക്കും. മീൻ കട മുതൽ പെട്ടിക്കടയിൽ വരെ വെള്ളം എത്തിക്കുന്നത് സന്തോഷാണ്. 3 പതിറ്റാണ്ടായി ചെയ്യുന്ന ജോലി ഇങ്ങനെ തന്നെ അങ്ങ് പോകട്ടെ എന്നാണ് സന്തോഷിന് പറയാനുള്ളത്. ഒരു ദിവസം സന്തോഷ് അവധിയെടുത്താല്‍ പ്രതിസന്ധിയിലാകുന്നത് പൊൻകുന്നത്തെ മുപ്പതോളം വ്യാപാരികളാണ്.
ഇതുവരെ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിട്ടില്ലെന്ന് സന്തോഷ് പറയുന്നു. ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് സന്തോഷിന്‍റെ കുടുംബം.