കോട്ടയം :തലയോലപ്പറമ്പിൽ ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച ഭർത്താവിനെ റെയിൽവേ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലയോലപ്പറമ്പ് കാരിക്കുഴി സ്വദേശി പത്മകുമാറിനെയാണ് (57) മുളന്തുരുത്തി ഭാഗത്തെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത് (Man Found Dead on the Railway Track). ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് തലയോലപ്പറമ്പ് സ്രാങ്കുഴി ഭാഗത്ത് താമസിക്കുന്ന വടക്കേക്കര വീട്ടിൽ തുളസിയ്ക്ക് (53) ഭർത്താവായ പത്മകുമാറിൽ നിന്ന് കുത്തേറ്റത്.
ഭാര്യയെ ആക്രമിച്ച ശേഷം പത്മകുമാർ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞിരുന്നു. തുടർന്ന് ഇന്ന് രാവിലെയാണ് മുളന്തുരുത്തി ഭാഗത്തെ റെയിൽവേ ട്രാക്കിൽ പത്മകുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. ഏതാനും വർഷങ്ങളായി പത്മകുമാറും തുളസിയും പിരിഞ്ഞ് താമസിക്കുകയായിരുന്നു. കാരിക്കോട് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന മകനോടൊപ്പമാണ് പത്മകുമാർ കഴിഞ്ഞിരുന്നത്.
ആക്രമണത്തിൽ കഴുത്തിന് ആഴത്തിൽ പരിക്കേറ്റ വീട്ടമ്മയെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ വൈകിട്ട് സ്രാങ്കുഴി ഭാഗത്ത് തുളസി ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ എത്തിയ പത്മകുമാർ ഇവരെ കുത്തിയ ശേഷം ഓടിപ്പോവുകയായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. കുത്തേറ്റ് ചോര വാർന്ന് അയൽവാസിയുടെ വീട്ടില് കയറിച്ചെന്ന തുളസിയെ അവരുടെ ബന്ധുക്കളാണ് ആശുപത്രിയിൽ എത്തിച്ചത്.
ഇവർ മുൻപും വഴക്കുണ്ടാക്കിയതിന് കേസ് ഉണ്ടായിരുന്നു. പത്മകുമാറിന്റെ മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവസ്ഥലത്തെത്തിയ മുളന്തുരുത്തി പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.