കോട്ടയം:ആൾതാമസമില്ലാത്ത വീടിന് സമീപത്ത് മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം വൈപ്പിൻപടി സ്വദേശി ഹരികൃഷ്‌ണനാണ് (50 ) മരിച്ചത്. ഇന്ന് (ജൂലൈ 21) രാവിലെ 11 മണിയോടെ വൈക്കം വൈപ്പിൻപടി ജങ്‌ഷന് സമീപത്തെ ആൾതാമസമില്ലാത്ത വീടിന് പുറകിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി വീടും പുരയിടവും നോക്കാനെത്തുന്ന മഹേശനാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് വൈക്കം പൊലീസ് അറയിച്ചു. പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.
വർഷങ്ങൾക്ക് മുമ്പ് വൈപ്പിൻപടിയിലെ വീടും സ്ഥലവും വിറ്റ് ചേർത്തലയ്ക്ക് കുടുംബ സമേതമായി പോയ ഹരികൃഷ്‌ണൻ ഭാര്യയുമായി പിണങ്ങിയശേഷം കുറച്ചു കാലമായി വൈക്കത്താണ് തങ്ങുന്നത്. കെട്ടിട നിർമാണ തൊഴിലാളിയായും ചായക്കടകളിൽ സഹായിയായും ജോലി ചെയ്‌തുവരികയായിരുന്നു ഇയാൾ.
വൈപ്പിൻപടിയിലെ ആൾതാമസമില്ലാത്ത വീടിന് പുറകിൽ മഴ കൊള്ളാത്ത ഭാഗത്താണ് ഇയാൾ കുറച്ചു ദിവസമായി തങ്ങിയിരുന്നത്. കുറ്റിച്ചെടികൾ വളർന്നു നിൽക്കുന്ന വീടിന്‍റെ പരിസരത്ത് വിഷപാമ്പുകളുടെ ശല്യമുണ്ടെന്ന് നാട്ടുകാർ പറയുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂ എന്നാണ് പൊലീസ് നൽകുന്ന വിവരം.