കോട്ടയം:കോട്ടയം ജില്ലയിലെ എരുമേലി പഞ്ചായത്തിലെ കണമലയിൽ കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോത്തിനെ കൊല്ലാന്‍ ഉത്തരവ്. മന്ത്രി വിഎന്‍ വാസവന്‍റെ നിര്‍ദേശ പ്രകാരം ജില്ല കലക്‌ടറാണ് കാട്ടുപോത്തിനെ കൊല്ലാന്‍ ഉത്തരവിട്ടത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് നാടിനെ നടുക്കിയ കാട്ടുപോത്തിന്‍റെ ആക്രമണം ഉണ്ടായത്.
കണമല സ്വദേശി പുറത്തേൽ ചാക്കോ (65), പ്ലാവനാക്കുഴിയിൽ തോമാച്ചൻ (60) എന്നിവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കണമല-ഉമികുപ്പ റോഡരികിലെ വീടിന്‍റെ സിറ്റൗട്ടില്‍ ഇരിക്കുകയായിരുന്ന ചാക്കോയെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ചാക്കോ ഉടൻ തന്നെ മരിച്ചു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ തോമാച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ തോമാച്ചനും മരണത്തിന് കീഴടങ്ങി.
സംഭവത്തെ തുടര്‍ന്ന് പൊലീസും വനം വകുപ്പ് ജീവനക്കാരും സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ വലിയ പ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്തു നിന്നുണ്ടായത്. പഞ്ചായത്ത് പ്രസിഡന്‍റ് സുബി സണ്ണി, വാർഡ് അംഗം ജിൻസി എന്നിവർ സംഭവസ്ഥലത്തുണ്ട്.
അതിനിടെ തൃശൂര്‍ ചാലക്കുടിയില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്ത് ഇറങ്ങി. മേലൂര്‍ വെട്ടുകടവ് ഭാഗത്താണ് കാട്ടുപോത്തിനെ കണ്ടത്. പ്രദേശവാസികളാണ് ആദ്യം പോത്തിനെ കണ്ടത്. പോത്തിനെ കണ്ട് ആളുകള്‍ ബഹളം വച്ചതോടെ പോത്ത് വെട്ടുകടവ് പാലത്തിന് സമീപമുള്ള പറമ്പിലേക്ക് ഓടിക്കയറി അവിടെ നിലയുറപ്പിച്ചു.
നാട്ടുകാരും വനംവകുപ്പ് ജീവനക്കാരും ചേര്‍ന്ന് കാട്ടുപോത്തിനെ പിടികൂടാനുള്ള നടപടി സ്വീകരിച്ചു. പ്രദേശത്ത് കണ്ട പോത്ത് ആക്രമണകാരിയല്ല എന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം. ഒരുവര്‍ഷം മുമ്പും ഇത്തരത്തില്‍ കാട്ടുപോത്ത് സമീപ പ്രദേശത്തെ ജനവാസമേഖലയില്‍ എത്തിയിരുന്നു. പ്രദേശവാസികളെ ആശങ്കയിലാക്കിയ പോത്തിനെ ഒടുവില്‍ മയക്കുവെടി വച്ച് പിടികൂടി കാട്ടില്‍ വിടുകയായിരുന്നു.