കൊല്ലം:മദ്യലഹരിയിൽ കെ.എസ്.ആർ.ടി.സി ബസിന്‍റെ മുൻഭാഗത്തെ ചില്ല് എറിഞ്ഞുടച്ച യുവാവിനെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചൽ ഭാരതീപുരം സ്വദേശി മണിക്കുട്ടനാണ് പിടിയിലായത്. സംഭവത്തെ തുടർന്ന് കായംകുളം പുനലൂർ ഓർഡിനറി ബസിന്‍റെ സർവീസ് മുടങ്ങി.
വൈകിട്ട് അഞ്ചരയോടെ പുനലൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലാണ് സംഭവം. ഡിപ്പോയിൽ നിർത്തിയിട്ടിരുന്ന കായംകുളം പുനലൂർ ഓർഡിനറി ബസിന്‍റെ മുൻ ഭാഗത്തെ ചില്ലാണ് എറിഞ്ഞുടച്ചത്. സർവീസ് നടത്താനിരുന്ന ബസിൽ സംഭവസമയം യാത്രക്കാരും ജീവനക്കാരും ഇല്ലാതിരുന്നത് അപായം ഒഴിവാക്കി.
മദ്യലഹരിയിൽ കെ.എസ്.ആർ.ടി.സി ബസിന്‍റെ ചില്ല് എറിഞ്ഞുടച്ചു; യുവാവ് അറസ്റ്റിൽ മദ്യലഹരിൽ മറ്റൊരു ബസിൽ പ്രശ്‌നങ്ങളുണ്ടാക്കിയതിന് ഇയാളെ ജീവനക്കാർ ഇറക്കി വിട്ടിരുന്നു. ഇതിന്‍റെ പേരിലുള്ള തർക്കങ്ങൾക്കും വാക്കേറ്റത്തിനും പിന്നാലെ പ്രകോപിതനായി കല്ലുമായി എത്തിയ യുവാവ് ഡിപ്പോയിൽ സർവീസ് നടത്താനായി നിർത്തിയിട്ടിരുന്ന ബസിലേക്ക് എറിയുകയായിരുന്നു.
വിവസ്ത്രനായി എത്തിയ യുവാവിനെ ഉടനെ സെക്യൂരിറ്റി ജീവനക്കാരൻ കീഴ്‌പ്പെടുത്തി. പിന്നീട് പുനലൂർ പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് പൊതുമുതൽ നശിപ്പിച്ചതിനും മദ്യപിച്ച് ബഹളമുണ്ടാക്കിയതിനും ഡ്യൂട്ടി തടസപ്പെടുത്തിയതിനും കേസെടുത്തു. ഇയാളെ കോടതിയിൽ ഹാജരാക്കുമെന്ന് പുനലൂർ എസ്.ഐ പറഞ്ഞു.