കേരളം

kerala

ഗോവയില്‍ മലയാളി യുവാവ് മരിച്ച സംഭവം; കൊലപാതകത്തിലേക്ക് വിരല്‍ ചൂണ്ടി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

By ETV Bharat Kerala Team

Published : Jan 7, 2024, 6:24 PM IST

Malayali youth found dead in Goa: ഗോവയിൽ മലയാളി യുവാവ് മരിച്ചത് മർദ്ദനമേറ്റെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്. സുരക്ഷാജീവനക്കാർ മർദിച്ചുകൊന്ന് കടലിൽ തള്ളിയെന്ന്‌ ബന്ധുക്കളുടെ ആരോപണം.

goa death case  found dead in Goa  post mortem report  malayali youth found dead  ഗോവയില്‍ യുവാവിന്‍റെ മരണം  മലയാളി യുവാവിന്‍റെ മരണം
malayali youth found dead in Goa

കോട്ടയം: ഗോവയിൽ പുതുവത്സരമാഘോഷത്തിനു പോയ യുവാവിൻ്റെ മരണം നെഞ്ചിലും പുറത്തും മർദ്ദനമേറ്റതിനെ തുടര്‍ന്നെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് (Malayali youth found dead in Goa). വെള്ളത്തിൽ വീഴുന്നതിനു മുൻപ് തന്നെ മർദ്ദനമേറ്റിരുന്നത് സ്ഥിരീകരിക്കുന്നതാണ് റിപ്പോർട്ട്.

വൈക്കം മറവന്തുരുത്ത് സന്തോഷ് വിഹാറിൽ സഞ്ജയ് സന്തോഷിന്‍റെ (20) മൃതദേഹമാണ് ഗോവയിലെ കടൽത്തീരത്ത് നിന്ന്‌ കണ്ടെത്തിയത്. ഡിജെ പാർട്ടിക്കിടെ മർദ്ദനമേറ്റിരിക്കാമെന്ന് തന്നെയാണ് പൊലീസിന്‍റെയും സംശയം. യുവാവിന്‍റെ രക്ഷിതാക്കളും ബന്ധുക്കളും ഇക്കാര്യം ആവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്.

ആഘോഷത്തിനിടെ സഞ്ജയ് സ്റ്റേജിൽ കയറി നൃത്തം ചെയ്‌തതാണ് പ്രകോപനത്തിന് കാരണമെന്നും സുരക്ഷാ ജീവനക്കാർ മർദിച്ച് കൊന്ന് കടലിൽ തള്ളിയതാണെന്നും പിതാവ് സന്തോഷ് ആരോപിച്ചു.

പണവും ഫോണും കവർന്നെന്നും കുറ്റക്കാരെ കണ്ടു പിടിച്ച് നടപടിയെടുക്കണമെന്നും നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും കുടുംബം പറഞ്ഞു. കഴിഞ്ഞ ഡിസംബർ 29 നാണ് സുഹൃത്തുക്കളും കുലശേഖരമംഗലം സ്വദേശികളുമായ കൃഷ്‌ണദേവ്, ജയകൃഷ്‌ണൻ എന്നിവരോടൊപ്പം സഞ്ജയ് ഗോവയിലേക്ക് തിരിച്ചത്.

ഡിസംബർ 31-ാം തീയതി പുതുവത്സരാഘോഷം കഴിഞ്ഞ് സഞ്ജയിനെ കാണാതായതിനെ തുടര്‍ന്ന്‌ സുഹൃത്തുക്കള്‍ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നാലെ ഗോവ പൊലീസിൽ പരാതി നൽകുകയായിരുന്നു. യുവാവിനായുള്ള ഗോവ പൊലീസിന്‍റെ അന്വേഷണം പുരോഗമിക്കവെയാണ് മൃതദേഹം കണ്ടെത്തിയത്‌. ബാംബോലിം മെഡിക്കൽ കോളജിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

പൊലീസുദ്യോഗസ്ഥന്‍റെ മൃതദേഹം കണ്ടെത്തി: അതേസമയം ഇന്നലെ (ജനുവരി 6) കാസര്‍കോട്‌ എആർ ക്യാമ്പിലെ പൊലീസുദ്യോഗസ്ഥനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി കെ കെ സുധീഷ്‌ (40) ആണ് മരിച്ചത്. കറന്തക്കാട്ടെ പഴയ കെട്ടിടത്തിനരികിലാണ് മൃതദേഹം കണ്ടെത്തിയത്.

വിവരമറിയിച്ചതിന്‍റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു. മരണത്തില്‍ സംശയകരമായ മറ്റെന്തെങ്കിലും കാര്യം ഉണ്ടോയെന്ന് പൊലീസ് അന്വേഷിക്കും. കുറച്ചു ദിവസമായി സുധീഷ് ജോലിക്കെത്തുന്നുണ്ടായിരുന്നില്ലെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അവധിക്ക് അപേക്ഷയും നല്‍കിയിരുന്നില്ല. മദ്യപാനശീലമുണ്ടായിരുന്ന സുധീഷ് മറ്റ് പൊലീസ് ഉദ്യോഗസ്ഥരുമായി അടുപ്പം പുലര്‍ത്തിയിരുന്നില്ലെന്നാണ് വിവരം.

യുഎസില്‍ ഇന്ത്യന്‍ വംശജര്‍ മരിച്ച നിലയില്‍: ഡിസംബര്‍ 30 ന്‌ ഇന്ത്യന്‍വംശജരായ ദമ്പതിമാരെയും മകളെയും യുഎസിൽ മരിച്ചനിലയില്‍ കണ്ടെത്തി. രാകേഷ് കമാൽ (57), ഭാര്യ ടീന (54), ഇവരുടെ 18 വയസുള്ള മകൾ അരിയാന എന്നിവരെയാണ് അമേരിക്കൻ സംസ്ഥാനമായ മസാച്യുസെറ്റ്‌സിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ബോസ്റ്റണ് സമീപത്തുള്ള ഡോവറിലെ വീട്ടിലാണ്‌ കുടുംബത്തെ മരിച്ചനിലയില്‍ കണ്ടെത്തിയതെന്ന് നോർഫോക്ക് ഡിസ്‌ട്രിക്റ്റ് അറ്റോർണി (ഡിഎ) മൈക്കൽ മോറിസി അറിയിച്ചു.

ALSO READ:യുഎസില്‍ ഇന്ത്യന്‍ വംശജരായ ദമ്പതികളും മകളും മരിച്ച നിലയില്‍

ABOUT THE AUTHOR

...view details