കോട്ടയം: രാമായണ പുണ്യവുമായി വീണ്ടുമൊരു കർക്കിടക കാലം.. വറുതിയുടെയും രോഗങ്ങളുടെയും കർക്കിടക മാസം ആരോഗ്യത്തോടെയിരിക്കാൻ ഔഷധക്കൂട്ടുകളെയും ആയുര്‍വേദ ശുശ്രൂഷകളെയും മലയാളികൾ കൂടെകൂട്ടാറുണ്ട്. എന്നാൽ കൊവിഡ് കാലത്ത് കർക്കിടകം ഒന്നിന് തുടക്കം കുറിക്കുമ്പോള്‍ രാമായണ മാസത്തിൽ ഏറെ പ്രസിദ്ധമായ നാലമ്പല ദർശനം ഇത്തവണയില്ല.
നാലമ്പല ദർശനമില്ലാതെ കർക്കിടക കാലം
കൊവിഡ് വ്യാപനം പിടിമുറുക്കിയ സാഹചര്യത്തിൽ ഏറെ പ്രസിദ്ധമായ നാലമ്പല ദർശനം പൂർണമായും വിലക്കിയിരിക്കുകയാണ് ക്ഷേത്ര കമ്മിറ്റികൾ
മധ്യകേരളത്തിലെ രാമപുരം നാലമ്പലങ്ങൾ ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ ഭക്തര്‍ക്ക് പൂര്‍ണമായ പ്രവേശന വിലക്കാണ് ഏർപ്പെടുത്തിയത്. അതേസമയം ഓണ്‍ലൈന്‍, ഫോണ്‍ സൗകര്യങ്ങള്‍ വഴി വഴിപാടുകള്‍ നടത്താൻ തീർഥാടകര്‍ക്ക് സൗകര്യമുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ആയിരക്കണക്കിന് ഭക്തരാണ് കർക്കിടക മാസത്തിൽ ദിവസേന രാമപുരത്ത് എത്തിയിരുന്നത്. ശ്രീരാമ ക്ഷേത്രത്തില്‍ തൊഴുത് കൂടപ്പുലം ലക്ഷ്‌മണ ക്ഷേത്രം, അമനകര ഭരതസ്വാമി ക്ഷേത്രം, മേതിരി ശത്രുഘ്‌ന ക്ഷേത്രം എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തി തിരികെ ശ്രീരാമ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതോടെയാണ് നാലമ്പല ദര്‍ശനം പൂര്‍ത്തിയാവുക. ഉച്ചപൂജക്ക് മുമ്പേ എല്ലായിടത്തും ദര്‍ശനം നടത്തി തിരികെ വരാമെന്നതിനാല്‍ അനവധി തീർഥാടകരാണ് ഇവിടെ എത്തിയിരുന്നത്. സംസ്ഥാനത്ത് കൊവിഡ് വീണ്ടും ശക്തിപ്രാപിച്ചതോടെ ഭക്തജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കേണ്ടെന്ന് നാലമ്പലദര്‍ശന കമ്മറ്റി തീരുമാനിച്ചു.
അതിനാൽ ഇന്നേ ദിവസം നാമജപ മുഖരിതമാകുന്ന നാലമ്പല പരിസരം നിശബ്‌ദമാണ്. നാലമ്പല സീസണിനായി കാത്തിരുന്നവരും നിരാശയിലായി. വിപണിയില്ലാത്ത കച്ചവടക്കാരും ദീർഘദൂര യാത്രകൾ നഷ്‌ടപ്പെട്ട വാഹന ഉടമകളും കൊവിഡ് പിടിമുറുക്കിയ കർക്കിടകത്തിൽ ഭക്തരെപോലെ ദുഃഖിതരാണ്.