കരിമല അരയന്‍റെ കല്ലറ തകര്‍ത്തതിന്‍റെ ദൃശ്യം കോട്ടയം: ശബരിമല തീർഥാടന പാതയിലെ കരിമല ക്ഷേത്ര പരിസരത്തുള്ള കരിമല അരയന്‍റെ കല്ലറ തകര്‍ത്ത സംഭവത്തില്‍ അന്വേഷണം വേണമെന്ന് മലഅരയ മഹാസഭ. ഡിസംബര്‍ 26നാണ് കല്ലറ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. ശ്രീ അയപ്പ ധർമ്മ സംഘത്തിലെ തീര്‍ഥാടകരാണ് ആദ്യം കല്ലറ തകര്‍ത്ത നിലയില്‍ കണ്ടത്.
ആയിരത്തിലേറെ വര്‍ഷം പഴക്കമുള്ള കല്ലറ തകര്‍ത്തതിന് പിന്നില്‍ ഗൂഢ ലക്ഷ്യങ്ങളുണ്ടെന്നാണ് മലഅരയ സഭയുടെ ആരോപണം. കരിമല അടക്കമുള്ള പ്രദേശങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ട മലഅരയ ജനതയുടെ പ്രാചീന സംസ്‌കാരവും ശേഷിപ്പുകളുമാണ് ഇതിലൂടെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതെന്ന് മലഅരയ മഹാസഭ ജനറല്‍ സെക്രട്ടറി പി.കെ സജീവ് പറഞ്ഞു.
വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സഭ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ജനുവരി 1 ന് മുക്കുഴി ക്ഷേത്ര സന്നിധാനത്ത് പ്രതിഷേധ യോഗം നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു. ശബരിമലയിലെ ആദ്യ പുരോഹിതന്‍ കരിമല അരയനാണെന്നാണ് മലഅരയ വിഭാഗത്തിന്‍റെ വിശ്വാസം.
20 അടി നീളവും എട്ടടി വീതിയുമാണ് കല്ലറക്ക് ഉള്ളത്. ശബരിമല ഉള്‍പ്പെടുന്ന 18 മലകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് കരിമലയാണെന്നാണ് മലഅരയ വിഭാഗം പറയുന്നത്. ഒരു കാലത്ത് 18 മലകളുടെയും അധിപതികളായിരുന്ന മലഅരയ വിഭാഗത്തെ പിന്നീട് മലയില്‍ നിന്ന് തുരത്തിയാണ് ശബരിമല ക്ഷേത്രമടക്കം പന്തളം കൊട്ടാരം പിടിച്ചെടുത്തതെന്നാണ് മലഅരയരുടെ വിശ്വാസം.