കോട്ടയം: പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ ''മകള്‍ക്കൊപ്പം'' എന്ന ക്യാമ്പെയിനിന് ഐക്യദാർഢ്യം അറിയിച്ചുകൊണ്ട് മഹിളാ കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്ത്രീധന വിരുദ്ധ പ്രതിജ്ഞയെടുത്തു. കോട്ടയം ഗാന്ധി സ്‌ക്വയറില്‍ നടന്ന പരിപാടി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണൻ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ചൊല്ലി മഹിള കോണ്‍ഗ്രസ് സ്‌ത്രീ സംരക്ഷണം ഉറപ്പ് വരുത്തണം
സ്ത്രീധന പീഡനത്തിനും മറ്റ് അതിക്രമങ്ങൾക്കും ഇരയാകുന്ന സ്ത്രീകൾക്ക് സംരക്ഷണം നൽകാൻ വനിതാ കമ്മീഷന് പോലും സാധിക്കുന്നില്ല എന്ന ദുരവസ്ഥയാണ് നിലവിലുള്ളതെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ അഭിപ്രായപ്പെട്ടു. സ്ത്രീകൾക്ക് അവരുടെ പ്രശ്‌നങ്ങളിൽ പരിഹാരം കാണാൻ ഒരിടവുമില്ല. സ്ത്രീകൾക്ക് മാന്യമായ സ്ഥാനം നൽകണമെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടി വരുന്നത് ദുഖകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നമ്മുടെ സഹോദരിമാരെ കച്ചവടക്കണ്ണോടെ നോക്കിക്കാണുന്ന സാമൂഹ്യാന്തരീക്ഷത്തിനെതിരായി എല്ലാവരും മുന്നോട്ട് വരണമെന്നും തിരുവഞ്ചൂർ പറഞ്ഞു.
ALSO READ:സ്‌ത്രീ സുരക്ഷ: ഗാന്ധിയൻ സംഘടനകളുടെ ഏകദിന ഉപവാസം ആരംഭിച്ചു
മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് ശോഭാ സലി മോൻ അധ്യക്ഷയായ പരിപാടിയിൽ മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സുധാ കുര്യൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ജനറൽ സെക്രട്ടറിമാരായ ലീലാമ്മ സക്കറിയാസ്, ഫിലോമിന തോമസ്, ദീപ ജോസ്, നിയോജക മണ്ഡലം പ്രസിഡന്‍റ് അന്നമ്മ മാണി, മണ്ഡലം ഭാരവാഹികളായ റോസ്‌ലിന്‍ റ്റോമിച്ചന്‍, ബിന്ദു ഐസക്ക്, സിനി ജിബു, ജയ ഷാജി, ഷീല ബിജു, ആശ ജോയി, നിഷ കൊച്ചുമോന്‍ തുടങ്ങിയവര്‍ പരിപാടിയിൽ പങ്കെടുത്തു.