കോട്ടയം :കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തില്‍ നാല് വിഭാഗങ്ങളില്‍ വരുന്ന കോട്ടയം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന മേഖലകളില്‍ അടുത്ത ഒരാഴ്ച്ചത്തേക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും ഇളവുകള്‍ അനുവദിച്ചും കോട്ടയം ജില്ല കലക്‌ടര്‍ എം. അഞ്ജന ഉത്തരവിറക്കി.
സംസ്ഥാന സര്‍ക്കാര്‍ ചൊവ്വാഴ്ച്ച അനുവദിച്ച ഇളവുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ജൂണ്‍ 16 മുതല്‍ 22 വരെയുള്ള ഒഴാഴ്ച്ചക്കാലത്തെ ശരാശരി ടിപിആർ പരിഗണിച്ചുള്ള പുതിയ ക്രമീകരണങ്ങള്‍.
ജൂണ്‍ 30ന് നടത്തുന്ന അവലോകനത്തില്‍ പോസിറ്റിവിറ്റിയില്‍ വരുന്ന മാറ്റത്തിന്‍റെ അടിസ്ഥാനത്തില്‍ കാറ്റഗറികള്‍ പുനര്‍നിര്‍ണയിക്കുമെന്നും കലക്‌ടർ അറിയിച്ചു. ടിപിആർ എട്ട് ശതമാനത്തില്‍ താഴെയുള്ള എ കാറ്റഗറിയില്‍ ജില്ലയിലെ 37 തദ്ദേശ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്.
ടിപിആർ എട്ടിനും 16നുമിടയിലുള്ള ബി കാറ്റഗറിയില്‍ 34ഉം 16നും 24നുമിടയിലുള്ള സി കാറ്റഗറിയില്‍ അഞ്ചും മേഖലകളുമാണുള്ളത്. ടിപിആര്‍ 24ന് മുകളില്‍ നില്‍ക്കുന്ന അതിതീവ്ര രോഗവ്യാപനമുള്ള ഡി കാറ്റഗറിയിലുള്ളത് വാഴപ്പള്ളി പഞ്ചായത്ത് മാത്രമാണ്.