ആകാംക്ഷകള്‍ക്ക് വിരാമമിട്ട് കോട്ടയം മണ്ഡലത്തിൽ വി എൻ വാസവൻ മത്സര രംഗത്തെത്തുമ്പോൾ തികഞ്ഞ ആത്മവിശ്വാസത്തിലാണ് എൽഡിഎഫ് ക്യാമ്പ്. ജില്ലാ സെക്രട്ടറി തന്നെ കോട്ടയത്ത് മത്സരത്തിന് ഒരുങ്ങുമ്പോൾ വിജയം മാത്രമാണ് സിപിഎമ്മിന്‍റെ ലക്ഷ്യം.
വാസവനിലൂടെ കോട്ടയം പിടിക്കാൻ എൽഡിഎഫ് - parliament election 2019
2004 ന് ശേഷം എൽഡിഎഫ് വിജയം കാണാത്ത കോട്ടയം മണ്ഡലത്തിൽ ഇത്തവണ ജില്ലാ സെക്രട്ടറിയെയാണ് രംഗത്തിറക്കിയിരിക്കുന്നത്

2004ൽ സുരേഷ് കുറുപ്പിലൂടെയാണ് അവസാനമായി പാർലമെന്‍റ് തിരഞ്ഞെടുപ്പിൽ കോട്ടയം ചുവപ്പണിയുന്നത്. 2009ലെ സുരേഷ് കുറുപ്പിന്‍റെ അപ്രതീക്ഷിത പരാജയത്തിൽ നിന്നും കരകയറാൻ എൽഡിഎഫിനോ സിപിഎമ്മിനോ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ജില്ലാ സെക്രട്ടറിയെ തന്നെ കളത്തിലിറക്കാനുളള സിപിഎമ്മിന്‍റെ തീരുമാനം .
കഴിഞ്ഞ തവണ ഘടകകക്ഷിയായ ജനതാദൾ മത്സരിച്ചു തോറ്റസീറ്റിലാണ് ഇത്തവണ വാസവൻ മത്സരിക്കുന്നത്.തൊഴിലാളി പ്രസ്ഥാനങ്ങളിലൂടെ വളർന്ന വാസവന് കോട്ടയത്ത് മികച്ച ജനപിന്തുണയാണുള്ളത്. സിഐടിയു ജില്ലാ സെക്രട്ടറി പദവിയിലിരുന്ന വി എൻ വാസവൻ 2006 - 2011 കാലഘട്ടത്തിൽ കോട്ടയം നിയോജകമണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചു. തുടർന്നാണ് കോട്ടയത്തെ സിപിഎമ്മിന്‍റെ ജില്ലാ സെക്രട്ടറിയാകുന്നത്. പ്രമുഖരായ പലരെയും പിന്തള്ളിയാണ് വാസവൻ സ്ഥാനാർത്ഥിയാകുന്നത്. മികച്ച ജനപിന്തുണയും നിയമസഭയിലെ പരിചയസമ്പത്തും വി എൻ വാസവന്‍റെ വിജയത്തിന് ഗുണം ചെയ്യുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ.