കോട്ടയം: പൂഞ്ഞാര്‍ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ലാറ്റക്‌സ് ഫാക്ടറിയില്‍ നിന്നുള്ള മാലിന്യമൊഴുകുന്നത് തോട്ടിലേയ്ക്ക്. നിരവധി ശുദ്ധജലവിതരണ പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നതും പ്രദേശവാസികള്‍ ഉപയോഗിക്കുന്നതുമായ തിടനാട് പഞ്ചായത്തിലെ കൊക്കരണി തോട്ടിലേയ്ക്കാണ് മലിനജലം ഒഴുകിഎത്തുന്നത്. നാട്ടുകാര്‍ പ്രതിഷേധിച്ചതോടെ പൂഞ്ഞാര്‍ പഞ്ചായത്ത് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
വര്‍ഷങ്ങളായി തോടിനോട് ചേര്‍ന്നുള്ള പ്രദേശത്ത് സ്ഥിചെയ്യുന്ന അരങ്ങത്ത് ലാറ്റക്‌സ് ഫാക്ടറിയ്‌ക്കെതിരെ മുന്‍പും പ്രതിഷേധം ഉയര്‍ന്നിരുന്നു. റബര്‍പാല്‍ സംസ്‌കരിക്കുന്ന ഫാക്ടറിയില്‍ നിന്നുള്ള മലിനജലം നേരെ തോട്ടിലേയ്ക്കാണ് എത്തുന്നത്. മലിനജലത്തിന്‍റെ ഓവുചാലാണ് തോട്ടിലേയ്ക്ക് തിരിച്ചുവച്ചിരിക്കുന്നത്. ഫാക്ടറി പ്രവര്‍ത്തനം തുടങ്ങിയതു മുതല്‍ വെള്ളം ഉപയോഗശൂന്യമാണെന്നാണ് ആക്ഷേപം. അലക്കാനും കുളിക്കാനും പോലും ഈ വെള്ളം ഉപയോഗിക്കാനാവുന്നില്ല.
നേരത്തേ പ്രദേശവാസികള്‍ ഫാക്ടറിയ്‌ക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇവര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ 25-ഓളം പേര്‍ക്കെതിരെ കേസ് നിലവിലുണ്ട്. പൂഞ്ഞാര്‍, തിടനാട് പഞ്ചായത്ത് പ്രതിനിധികളുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. മലിനജലം നേരിട്ട് തോട്ടിലേയ്ക്ക് പമ്പുചെയ്യുകയാണെന്ന് സംഘം കണ്ടെത്തി. തോട്ടിലൂടെ ഒഴുകുന്ന വെള്ളം ചിറ്റാര്‍ വഴി മീനച്ചിലാറ്റിലേക്കാണ് എത്തുന്നത്. മാലിന്യം കലര്‍ന്ന് വെള്ള നിറത്തിലാണ് പലപ്പോഴും തോട് ഒഴുകുന്നത്. വെള്ളത്തിന് ദുര്‍ഗന്ധവും അനുഭവപ്പെടുന്നുണ്ട്. 6, 7 വാര്‍ഡുകളിലൂടെയാണ് തോട് കടന്നുപോകുന്നത്. ഇവിടെ നിന്നുള്ള ദുര്‍ഗന്ധം മൂലം പ്രദേശവാസികള്‍ പലര്‍ക്കും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെടുന്നതായും ആക്ഷേപം.
ലാറ്റക്‌സ് ഫാക്ടറിയിലെ മലിനജലം കൊക്കരണി തോട്ടിലേയ്ക്ക്, നടപടിയുമായി പഞ്ചായത്ത് പൂഞ്ഞാര്‍ പഞ്ചായത്ത് പ്രസിഡന്‍റ് പ്രസാദ് തോമസ്, തിടനാട് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സാബു പ്ലാത്തോട്ടം, വാര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ ഫാക്ടറിയും പരിസരവും സന്ദര്‍ശിക്കാനെത്തിയിരുന്നു. ഫാക്ടറിയ്ക്ക് 7 ദിവസത്തെ നോട്ടീസ് നല്‍കുമെന്നും മലിനജലപ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും പ്രസാദ് തോമസ് വ്യക്തമാക്കി.