കോട്ടയം: പാലായുടെ തിലകക്കുറിയായ കുരിശുപള്ളിയെ തടിയിൽ പുനഃസൃഷ്‌ടിച്ചിരിക്കുകയാണ് പാലാ കെഴുവംകുളം സ്വദേശിയായ ബിനീഷ് കെ.വി. ഗ്ലാസ്- ഫാബ്രിക്കേഷന്‍ തൊഴിലാളിയായ ബിനീഷ് മൂന്നാഴ്‌ചത്തെ പരിശ്രമ ഫലമായാണ് കുരിശുപള്ളിയുടെ ചെറുരൂപം തടിയിലേക്ക് പകര്‍ത്തിയത്. പാലാക്കാര്‍ എവിടെവച്ചു കണ്ടാലും തിരിച്ചറിയുന്ന ചിത്രമാണ് പാലാ കുരിശുപള്ളിയുടേത്. പണിസ്ഥലത്ത് മിച്ചം വരുന്ന തടിച്ചീളുകള്‍കൊണ്ട് എന്തെങ്കിലുമൊരുക്കണമെന്ന ചിന്തയുണര്‍ന്നപ്പോള്‍ ബിനീഷിന്‍റെ മനസിലേക്ക് വന്നതും നഗരത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കുരിശുപള്ളി തന്നെ.
തടിയിൽ തീർത്ത പാലായുടെ സ്വന്തം കുരിശുപള്ളി - കുരിശുപള്ളിയുടെ ചെറുരൂപം
ഗ്ലാസ്- ഫാബ്രിക്കേഷന്‍ തൊഴിലാളിയായ ബിനീഷ് മൂന്നാഴ്‌ചത്തെ പരിശ്രമ ഫലമായാണ് കുരിശുപള്ളിയുടെ ചെറുരൂപം തടിയിലേക്ക് പകര്‍ത്തിയത്
ഇന്‍റർനെറ്റില്‍ നിന്നും എടുത്ത പള്ളിയുടെ വിവിധ ചിത്രങ്ങള്‍ നോക്കി ഒഴിവുസമയങ്ങളിലാണ് കുരിശുപള്ളിയുടെ മാതൃക ബിനീഷ് സൃഷ്‌ടിച്ചത്. ഈട്ടി-തേക്ക് തടികളുടെ ചീളുകളാണ് നിര്‍മാണത്തിന് ഉപയോഗിച്ചത്. ആണിയും പശയും ഗ്ലാസ് പീസുകളുമാണ് അധികമായി ഉപയോഗിച്ചത്. പള്ളിയുടെ മുകളിലെ ക്രിസ്‌തുവിന്‍റെ രൂപവും ബിനീഷ് തന്നെ നിര്‍മിച്ചതാണ്.
കുരിശുപള്ളിയില്‍ മാത്രം ഒതുങ്ങുന്നതല്ല ബിനീഷിന്‍റെ കരവിരുത്. താജ്‌മഹലും ഈഫല്‍ ടവറും കെഴുവംകുളത്തെ അമ്പലവുമെല്ലാം ഈ ചെറുപ്പക്കാരന്‍റെ കൈകൾ കൊത്തിയെടുത്തിട്ടുണ്ട്. ഫൈന്‍ ആര്‍ട്‌സ് കോളജില്‍ പഠിച്ച ബിനീഷിന് വീടും ഒരു ക്യാന്‍വാസാണ്. വീട്ടിലെ ഭിത്തികൾക്കും പറയാനുള്ളത് കരവിരുതിന്‍റെ കഥകൾ തന്നെ.