കോട്ടയം: വിപണിയില്ലാതെ വന്നതോടെ പ്രതിസന്ധിയിലായി കക്ക വ്യവസായം. വില്‍പന നടക്കാതായതോടെ കോട്ടയം, ആലപ്പുഴ ജില്ലകളിലെ സഹകരണ സംഘങ്ങളില്‍ ടണ്‍ കണക്കിന് കക്കയാണ് കെട്ടിക്കിടക്കുന്നത്. കുമരകത്തെ സഹകരണ സംഘങ്ങളില്‍ മാത്രം എട്ട് ലക്ഷം രൂപയുടെ കക്കയാണ് കൂട്ടിയിട്ടിരിക്കുന്നത്.
കുമരകം സഹകരണ സംഘം സെക്രട്ടറിയുടെ പ്രതികരണം വേമ്പനാട്ട് കായലില്‍ നിന്നെടുക്കുന്ന കറുത്ത കക്കയും വെളുത്ത കക്കയുമാണ് കുമരകം സഹകരണ സംഘങ്ങളില്‍ സംഭരിക്കുന്നത്. സഹകരണ സംഘങ്ങള്‍ വഴിയാണ് കക്ക വ്യവസായ ആവശ്യത്തിന് വിതരണം ചെയ്യുന്നത്. ഇതില്‍ നിന്ന് ലഭിക്കുന്ന പണം തൊഴിലാളികള്‍ക്ക് നല്‍കും.
ആവശ്യക്കാരില്ല: എച്ച്എന്‍എല്‍, ട്രാവന്‍കൂര്‍ സിമന്‍റ്സ്, കെഎംഎംഎല്‍ ചവറ, ടെസില്‍, മന്നം ഷുഗര്‍ മില്‍ എന്നിവയെല്ലാം കുമരകത്തെ സഹകരണ സംഘങ്ങളില്‍ നിന്നായിരുന്നു കക്ക വാങ്ങിയിരുന്നത്. ഇതിന് പുറമെ കാര്‍ഷിക ആവശ്യത്തിനും കുമ്മായം നിര്‍മിക്കാനും ആളുകള്‍ ഇവിടെ നിന്നും കക്ക വാങ്ങിയിരുന്നു. എന്നാല്‍ പല വ്യവസായ സംരംഭങ്ങള്‍ക്കും പൂട്ടു വീണതോടെ കക്കയ്‌ക്ക് ആവശ്യക്കാര്‍ ഇല്ലാതെയായി.
വിലയും കൂലിയും വർധിച്ചു: നികുതിയും തൊഴിലാളികളുടെ കൂലിയും വര്‍ധിച്ചതോടെ കക്കയുടെ വിലയും വര്‍ധിച്ചു. ഇതോടെ കോഴിത്തീറ്റ നിര്‍മാണത്തിനായി കക്ക വാങ്ങിയിരുന്ന തമിഴ്‌നാട്ടിലെ പൗള്‍ട്രി ഫാമുകളും കക്ക വാങ്ങുന്നത് നിര്‍ത്തി. ഇറക്കുമതി ചെയ്യുന്ന വില കുറഞ്ഞ കാത്സ്യം പൗഡറാണ് പൗള്‍ട്രി ഫാമുകള്‍ കക്കയ്‌ക്ക് പകരമായി ഉപയോഗിക്കുന്നത്. കക്കയുടെ വിപണനം നിലച്ചതോടെ തൊഴിലാളികളുടെ കൂലിയും മുടങ്ങി.
സംഭരിച്ച കക്കയുടെ വില്‍പന നടത്തിയാല്‍ മാത്രമെ പ്രതിസന്ധിയിലായ തൊഴിലാളികള്‍ക്ക് പണം നല്‍കാന്‍ സാധിക്കൂ. കുമരകം കായലിൽ കക്കയുടെ ശേഖരം കുറഞ്ഞതും പ്രതിസന്ധിക്ക് ആക്കം കൂട്ടിയിട്ടുണ്ട്. കക്കയ്‌ക്ക് വിപണി കണ്ടെത്താനായില്ലെങ്കില്‍ വ്യവസായം തന്നെ നിലച്ചു പോകുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് സഹകരണ സംഘം ഭാരവാഹികള്‍ പറയുന്നു.