കായലിലെ പോള കൊണ്ട് ക്രിസ്‌മസ് ട്രീ കോട്ടയം :ആഘോഷത്തിന് വ്യത്യസ്‌തത തേടികായലിലെ പോള കൊണ്ട് ക്രിസ്‌മസ് ട്രീയും അലങ്കാര വസ്‌തുക്കളും നിർമിച്ചിരിക്കുകയാണ് കുമരകത്തെ കോക്കനട്ട് ലഗൂൺ. ടൂറിസ്റ്റുകൾക്ക് തൊപ്പിയും ടേബിൾ മാറ്റും മെനു കാർഡും ഉൾപ്പടെ നിരവധി വസ്‌തുക്കൾ പോള ഉപയോഗിച്ചാണ് ഇവർ നിർമിച്ചിരിക്കുന്നത്. പ്രകൃതിയോടിണങ്ങിയുള്ള ക്രിസ്‌മസ് ആഘോഷത്തിൽ, കായൽ ടൂറിസത്തിനും കർഷകർക്കും ഭീഷണിയാകുന്ന പോള എങ്ങനെ ഉപയോഗപ്രദമാക്കാമെന്നതിന്‍റെ ഒരു ഉദാഹരണമാണിത്.
കുമരകത്തെ കോക്കനട്ട് ലഗൂൺ ഹോട്ടലിന്‍റെ റിസപ്‌ഷനിൽ പോള കൊണ്ട് നിർമിച്ചുവച്ചിട്ടുള്ള ക്രിസ്‌മസ് ട്രീ ടൂറിസ്‌റ്റുകളെ ആകര്‍ഷിക്കുകയാണ്. 10 അടിയാണ് ഈ ക്രിസ്‌മസ് ട്രീയുടെ ഉയരം. നക്ഷത്രവിളക്കുകളും മറ്റ് അലങ്കാര വസ്‌തുക്കളും പോള ഉപയോഗിച്ചുതന്നെയാണ് ഇവിടെ നിർമിച്ചിരിക്കുന്നത്.
പോള അരച്ചെടുത്ത് പൾപ്പ് കൊണ്ട് ഉണ്ടാക്കിയ പേപ്പറിലാണ് ഹോട്ടലിലെ മെനു കാർഡ് തയ്യാറാക്കിയിരിക്കുന്നത്. പോളത്തണ്ടുകൊണ്ട് ടേബിൾ മാറ്റും തൊപ്പിയും ഇവർ നിർമിക്കുന്നുണ്ട്. പോള കൊണ്ടുള്ള തൊപ്പി വിദേശ വിനോദ സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.
ഹോട്ടലിലെ ജീവനക്കാരുടെ കൂട്ടായ്‌മയായ സി. ജി.എച്ച് സെല്ലാണ് പോള കൊണ്ടുള്ള ഉത്‌പന്നങ്ങൾ നിർമിക്കുന്നത്. ഏറെ ഗുണപ്രദമായ ഈ പദ്ധതി തുടരാനാണ് ഹോട്ടൽ അധികൃതർ ലക്ഷ്യമിടുന്നത്. പോള നെയ്യാൻ അറിയാവുന്ന നാട്ടുകാരുടെ സേവനവും പ്രയോജനപ്പെടുത്തുന്നതിലൂടെ അവർക്ക് ഒരു വരുമാന മാർഗം കൂടിയാണ് കോക്കനട്ട് ലഗൂൺ ഈ പദ്ധതിയിലൂടെ നടപ്പാക്കി പോരുന്നത്. നെൽകൃഷിക്കും ടൂറിസത്തിനും ദോഷകരമായി ബാധിക്കുന്ന പോള നിർമാർജനം ചെയ്യാന്‍ ഈ പരിപാടി സഹായിക്കുമെന്നും ഇവർ കരുതുന്നു.