കോട്ടയം: പ്രളയവും കൊവിഡും മറികടന്ന് ഓണക്കാലത്ത് വിനോദസഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങി കുമരകം. കൊവിഡ് മാറിയതോടെ സംസ്ഥാനത്ത് മഴ കനത്തത് വീണ്ടും കുമരകത്തിന്‍റെ പ്രതീക്ഷക്ക് മങ്ങലേല്‍പ്പിച്ചു. കാലാവസ്ഥ അനൂകൂലമായതോടെ വരാനിരിക്കുന്ന ഓണക്കാലം കുമരകത്തെ ഉണര്‍ത്തുമെന്ന പ്രതീക്ഷയിലാണ് ഹൗസ് ബോട്ട് ഉടമകളും.
വിനോദസഞ്ചാരികളെ കാത്ത് കുമരകം ഇക്കഴിഞ്ഞ വെള്ളപ്പൊക്കം കുമരകത്തെ കാര്യമായി ബാധിച്ചിരുന്നില്ലെങ്കിലും സംസ്ഥാനത്തെ മറ്റിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവുമാണ് വിനോദ സഞ്ചാര മേഖലക്ക് തിരിച്ചടിയായത്. നേരത്തെ ഓൺലൈൻ ബുക്ക് ചെയ്‌തിരുന്നവർ പോലും ബുക്കിങ് പിന്‍വലിച്ചു. നിലവില്‍ കുമരകത്തെത്തുന്ന വിനോദ സഞ്ചാരികളില്‍ 80 ശതമാനവും സ്വദേശികളാണ്.
വിദേശികളില്‍ പ്രതീക്ഷ: സെപ്‌തംബര്‍, നവംബര്‍ മാസങ്ങളില്‍ യുറോപ്പുള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് സഞ്ചാരികളെത്തുമെന്ന പ്രതീക്ഷയിലാണ് ബോട്ട് ഉടമകള്‍. സെപ്‌തംബര്‍ മാസത്തിലെ വള്ളം കളിയും ഇത്തവണ വിനോദ സഞ്ചാര മേഖലക്ക് കൂടുതല്‍ തെളിച്ചമേകും. വിദേശ രാജ്യങ്ങളില്‍ നിന്ന് ഹോട്ടലുകള്‍ക്ക് ബുക്കിങ് തുടങ്ങിയതും കൂടുതല്‍ പ്രതീക്ഷ നല്‍കുന്നുണ്ട്.
വേമ്പനാട്ട് കായലിലൂടെയുള്ള ഹൗസ് ബോട്ട് യാത്രയും ചെറുതോടുകളിലൂടെയുള്ള ശിക്കാര വള്ളത്തിലെ യാത്രയും കായൽ വിഭവങ്ങളായ കരിമീനും ഞണ്ടും കൊഞ്ചും രുചിക്കാനുമാണ് വിദേശികളടക്കമുള്ള കുമരകത്തെത്തുന്നത്.
കുമരകത്തെ റോഡുകളുടെ വികസനം പൂര്‍ത്തിയായിട്ടില്ല. ഇത്തവണ കൂടുതല്‍ സഞ്ചാരികളെത്തുമെന്നതിനാല്‍ റോഡ് വികസന പ്രവര്‍ത്തികള്‍ വേഗത്തിലാക്കമെന്ന ആവശ്യവും ഉയരുന്നുണ്ട്.