കോട്ടയം :കനത്ത മഴയെത്തുടര്‍ന്ന് പൂഞ്ഞാറിലുണ്ടായ വെള്ളപ്പൊക്കത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ് മുങ്ങി. പൂഞ്ഞാര്‍ സെന്‍റ് മേരീസ് പള്ളിയ്ക്ക് മുന്നിലാണ് സംഭവം. നാട്ടുകാര്‍ ചേര്‍ന്ന് ആളുകളെ ഒഴിപ്പിച്ചു.
ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിയ്ക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പകുതി പൊക്കത്തില്‍ വെള്ളത്തില്‍ മുങ്ങുകയായിരുന്നു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയുടെ കിഴക്കൻ മേഖലയിൽ വൻ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്‌തത്.
ചോലത്തടം പെരിങ്ങളം ഇളംകാട് എന്നിവിടങ്ങളിൽ ഉരുൾപ്പൊട്ടലുണ്ടായി. കൂട്ടിക്കലടക്കം കിഴക്കൻ മേഖലയിലെ രക്ഷാപ്രവർത്തനത്തിന് സൈന്യത്തിന്‍റെ സഹായം തേടിയതായി ജില്ല കലക്‌ടര്‍ അറിയിച്ചു.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽനിന്ന് ആളുകളെ മാറ്റുന്നതിന് എയർ ലിഫ്റ്റിങിനാണ് സഹായം തേടിയത്. മീനച്ചിലാറ്റിലും മണിമലയാറ്റിലുമുണ്ടായ മലവെള്ളപ്പാച്ചിലില്‍ കിഴക്കൻ മേഖലയിൽ പലയിടത്തും ഗതാഗതം തടസപ്പെട്ടു.
ജില്ലയുടെ പടിഞ്ഞാറൻ മേഖല വെള്ളപ്പൊക്ക ഭീതിയില്‍
ഈരാറ്റുപേട്ട വാഗമൺ റോഡിൽ തീക്കോയിയിൽ മണ്ണിടിഞ്ഞു. ഇവിടുത്തെ തടസം ഇപ്പോൾ നീക്കിവരികയാണ്. പൊൻകുന്നം ചിറക്കടവ് പാലാ പ്ളശനാൽ മുണ്ടക്കയം ക്രോസ് വേ എന്നിവിടങ്ങിൽ വെള്ളം കയറി.
മുൻപെങ്ങുമില്ലാത്ത വിധത്തിലാണ് മലവെള്ളം ആറുകളിലൂടെ കുത്തിയൊഴുകുന്നത്. കൂട്ടിക്കൽ ഭാഗത്ത് അമ്പത് കുടുംബങ്ങളെ മർഫി സ്‌കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിയ്ക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തില്‍ മുങ്ങിയത്.