ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടിലെ സമരത്തില്‍ കമ്മിഷന്‍റെ റിപ്പോര്‍ട്ട് ഡയറക്‌ടർക്കെതിരെ എന്ന് സൂചന കോട്ടയം: കെ.ആർ നാരായണൻ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടിലെ വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട് ഉന്നതതല കമ്മിഷൻ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് ഡയറക്‌ടർ ശങ്കർ മോഹനെതിരേയുള്ള ആരോപണങ്ങൾ ശരിവയ്ക്കുന്നതെന്ന് സൂചന. ജാതി അധിക്ഷേപം, സംവരണ അട്ടിമറി, തുടങ്ങിയ പരാതികൾ കമ്മിഷൻ ശരിവച്ചതായാണ് വിവരം. ശങ്കർ മോഹൻ രണ്ടാമത്തെ മൊഴിയെടുപ്പിനോട് നിസഹകരണം കാട്ടിയതായും പ്രവേശന പ്രക്രിയയിൽ നടത്തിയ അട്ടിമറിയും കമ്മിഷന് ബോധ്യമായെന്നാണ് വിവരം.
അതേസമയം ചെയർമാൻ അടൂർ ഗോപാലകൃഷ്‌ണനെതിരെ റിപ്പോർട്ടിൽ പ്രത്യേകം പരാമർശമില്ലെന്നാണ് അറിയുന്നത്. ഡയറക്‌ടർക്കെതിരെയുള്ള ആരോപണങ്ങൾ പരിശോധിക്കാൻ മുഖ്യമന്ത്രിയാണ് മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാറിന്‍റെ നേതൃത്വത്തിലുള്ള ഉന്നതതല അന്വേഷണ സമിതിയെ നിയോഗിച്ചത്. സമിതി കഴിഞ്ഞ മൂന്നിന് കോട്ടയത്തു തെളിവെടുപ്പ് നടത്തിയിരുന്നു.
ഇതിന്‍റെ ഭാഗമായി സ്‌റ്റുഡന്റ്സ് കൗൺസിലിന്‍റെ നേതൃത്വത്തിൽ ഡയറക്‌ടർ ശങ്കർ മോഹനെതിരെ സമരം ചെയ്ത വിദ്യാർഥികൾ, പരാതിക്കാരായ താൽകാലിക ജീവനക്കാരികൾ, കോളജിലെ അധ്യാപക -അനധ്യാപകർ എന്നിവരിൽ നിന്നും മൊഴിയെടുത്തു. നേരത്തേ ഉന്നത വിദ്യാഭ്യാസ വകുപ്പ് നിയമിച്ച ഉദ്യോഗസ്ഥ സമിതിയും കോളജിലെത്തി തെളിവെടുത്തിരുന്നു. ഡയറക്‌ടറെ മാറ്റണമെന്നാണ് ഈ സമിതിയുടെ ശുപാർശ.
ഡയറക്‌ടറെ നിയമിച്ചതിൽ പ്രായം സംബന്ധിച്ച വ്യവസ്ഥ അട്ടിമറിക്കപ്പെട്ടെന്നും സമിതി കണ്ടെത്തി. അതേസമയം ഇൻസ്‌റ്റിറ്റ്യൂട്ട് അടച്ചിടാൻ തക്ക ക്രമസമാധാന പ്രശ്‌നങ്ങൾ കാമ്പസിൽ ഇല്ലെന്ന് വിദ്യാർഥികൾ പറയുന്നു. സമരം ശാന്തമാണെന്നും ക്ളാസുകൾ നഷ്‌ടമാകുന്നുവെന്നും ഇങ്ങോട്ട് വരാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഇൻസ്‌റ്റിറ്റ്യൂട്ടിനെ കുറിച്ച് നിലവിലെ കാര്യങ്ങൾ അവമതിപ്പ് ഉണ്ടാക്കുന്നുവെന്നും വിദ്യാർഥികൾ ആരോപിച്ചു.