കോട്ടയം: ക്രിസ്‌മസ് ആഘോഷത്തിലലിഞ്ഞ് അക്ഷര നഗരി. കോട്ടയം ജില്ല പഞ്ചായത്തും നഗരസഭയും വിവിധ സംഘടനകളും നടത്തിയ സംയുക്ത ക്രിസ്‌മസ് ആഘോഷം വർണ്ണ കാഴ്ച്ചയായി. 'ബോണ്‍ നത്താലെ 2021' എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്.
മനം കവര്‍ന്ന് പാപ്പമാര്‍; ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ അക്ഷര നഗരി ക്രിസ്‌മസ് സമ്മാനങ്ങളുമായാണ് പാപ്പാമാർ നഗരവീഥിയിൽ എത്തിയത്. വർണ്ണ ബലൂണുകൾ കെട്ടിയ വാഹനത്തിലും കൂട്ടത്തോടെ നടന്നും എത്തിയ ക്രിസ്‌മസ് പാപ്പാമാർ കാഴ്ചക്കാരുടെ മനം കവർന്നു.
Also Read: തിരുപ്പിറവി വരവേൽക്കാൻ നക്ഷത്ര തിളക്കത്തോടെ വിപണി സജീവം
കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നാണ് ക്രിസ്‌മസ് പാപ്പാമാരുടെ യാത്ര ആരംഭിച്ചത്. തിരുനക്കര മൈതാനത്ത് പാപ്പാമാർ കൂട്ടം ചേർന്ന് കൈയടിച്ച് പാട്ടുപാടി ക്രിസ്‌മസ് വരവറിയിച്ചു. മന്ത്രി വി.എൻ വാസവൻ കേക്ക് മുറിച്ച് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.
ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്, സി.എസ്.ഐ സഭ മുൻ മോഡറേറ്റർ ബിഷപ്പ് ഡോ. തോമസ് കെ ഉമ്മൻ, തോമസ് ചാഴിക്കാടൻ എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് നിർമല ജിമ്മി, നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.