കോട്ടയം : കേരളത്തിൽ നടക്കുന്നത് പൊലീസ് ഭരണമാണെന്നും അക്രമികൾക്ക് സംരക്ഷണവും പ്രതിഷേധിക്കുന്നവർക്ക് മര്‍ദനവുമാണ് ലഭിക്കുന്നതെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഈ ദുർഭരണം അധികകാലമുണ്ടാകില്ല. അക്രമകാരികളായ സിപിഎമ്മുകാര്‍ക്കൊപ്പം ചേര്‍ന്ന് പൊലീസ് സമരക്കാരെ മര്‍ദിക്കുകയാണ്.
'സംസ്ഥാനത്ത് നടക്കുന്നത് പൊലീസ് രാജ്' ; സിപിഎം അക്രമത്തിനെതിരെ സമരം ശക്തമാക്കുമെന്ന് ഉമ്മൻ ചാണ്ടി - മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
ഭയപ്പെടുത്തി സമരത്തെ അടിച്ചമർത്താമെന്ന് ആരും കരുതേണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
സമരങ്ങള്‍ ധീരമായി നയിച്ച പാരമ്പര്യം കോൺഗ്രസിനുണ്ട്. അതുകൊണ്ട് ഭയപ്പെടുത്തി സമരത്തെ അടിച്ചമർത്താമെന്ന് ആരും കരുതേണ്ട.സിപിഎം അക്രമത്തിനെതിരെ പ്രക്ഷോഭം ശക്തമായി തുടരുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. സിപിഎം, പൊലീസ് അതിക്രമങ്ങൾക്കെതിരെ യുഡിഎഫ് കോട്ടയത്ത് സംഘടിപ്പിച്ച പ്രതിഷേധ സത്യഗ്രഹം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു. മുൻമന്ത്രിമാരായ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, കെ.സി ജോസഫ്, കെപിസിസി സെക്രട്ടറി കുഞ്ഞ് ഇല്ലമ്പള്ളി, യുഡിഎഫ് ഘടക കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ സത്യഗ്രഹത്തില്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസം ഉണ്ടായ പ്രകടനത്തിന്‍റെ പേരിൽ ജയിൽ മോചിതരായ നേതാക്കളും പ്രവർത്തകരും സന്നിഹിതരായിരുന്നു.