കോട്ടയം: ജില്ലയില്‍ വീണ്ടും പോസ്റ്റർ വിവാദം. സംസ്ഥാന സർക്കാരിനെതിരെ ഈ മാസം ഏഴാം തീയതി ജില്ലയിൽ യുഡിഎഫ് നടത്തുന്ന പ്രതിഷേധ സംഗമം പരിപാടിയുടെ പോസ്റ്ററിനെ ചൊല്ലിയാണ് വിവാദം. പ്രതിപക്ഷ നേതാവ് ഉദ്ഘാടകനായ പരിപാടിയിൽ യുഡിഎഫ് ജില്ലാ കമ്മിറ്റി അച്ചടിച്ച പോസ്റ്ററിൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെയും കോട്ടയം ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷിന്‍റെയും ചിത്രങ്ങളോ പേരോ ഇല്ല എന്നതാണ് വിവാദത്തിന് കാരണമായത്.
കോട്ടയത്ത് വീണ്ടും പോസ്റ്റർ വിവാദം; പ്രതിഷേധ സംഗമ പരിപാടിയുടെ പോസ്റ്ററില്‍ കെപിസിസി, ഡിസിസി പ്രസിഡന്‍റുമാരുടെ ചിത്രങ്ങള്‍ ഇല്ല - കോട്ടയം ഏറ്റവും പുതിയ വാര്‍ത്ത
കോട്ടയം ജില്ലയില്‍ ഈ മാസം ഏഴാം തീയതി യുഡിഎഫ് നടത്തുന്ന പ്രതിഷേധ സംഗമം പരിപാടിയുടെ പോസ്റ്ററില്‍ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെയും കോട്ടയം ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷിന്‍റെയും ചിത്രങ്ങളോ പേരോ ഇല്ല എന്നതാണ് വിവാദത്തിന് കാരണമായത്.
യുഡിഎഫ് ജില്ലാ കൺവീനർ ഈ പോസ്റ്റർ പങ്കുവച്ചതോടെ കോൺഗ്രസിലെ ഒരു വിഭാഗം പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തുവന്നു. മറ്റു കോൺഗ്രസ് നേതാക്കളുടെ പടം ഉൾപ്പെടുത്തിയിട്ടും ഇരുവരുടെയും പടം മനഃപൂർവമായി ഒഴിവാക്കി എന്നാണ് പരാതി. എന്നാൽ മനഃപൂർവമായി ആരെയും ഒഴിവാക്കിയിട്ടില്ലെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ സജീ മഞ്ഞക്കടമ്പിൽ പറഞ്ഞു.
മാസങ്ങൾക്ക് മുൻപ് പ്രതിപക്ഷ നേതാവ് ജില്ലയിൽ പങ്കെടുത്ത പരിപാടിയിലും ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷിന്‍റെ പോസ്റ്റർ ഒഴിവാക്കിയിരുന്നു. ഇതോടെ പരിപാടിയിൽ നിന്ന് ഡിസിസി അധ്യക്ഷൻ വിട്ടു നിന്നതും വിവാദമായിരുന്നു.