കോട്ടയം:കൊവിഡ് വ്യാപനം ഉയരുന്നതിനിടെ നിയന്ത്രണങ്ങൾ കടുപ്പിച്ച് ജില്ല ഭരണകൂടം. ഇതുസംബന്ധിച്ച് ദുരന്ത നിവാരണ അതോറിട്ടി ചെയർമാൻ കൂടിയായ ജില്ല കലക്‌ടര്‍ ഡോ. പി.കെ ജയശ്രീ ഉത്തരവിറക്കി. സർക്കാർ ഓഫിസുകളിൽ ജോലി ചെയ്യുന്ന ഗർഭിണികൾക്ക് വർക്ക് ഫ്രം ഹോം സംവിധാനം അനുവദിക്കുമെന്ന് നിര്‍ദേശത്തില്‍ പറയുന്നു.
ഇതിനായി അതത് വകുപ്പ് മേധാവികൾക്ക് നടപടി സ്വീകരിക്കാം. ഒൻപതാം ക്ലാസ് വരെയുള്ള സ്‌കൂൾ വിദ്യാർഥികൾക്ക് ജനുവരി 21 മുതൽ രണ്ടാഴ്ചത്തേക്ക് ഓൺലൈൻ സംവിധാനത്തിലൂടെ മാത്രമാണ് ക്ലാസ് നടത്തുക. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൊവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ, ക്ലസ്റ്റർ മേഖല 15 ദിവസത്തേക്ക് അടച്ചിടാൻ പ്രിൻസിപ്പാള്‍/ഹെഡ്‌മാസ്‌റ്റര്‍ നടപടി സ്വീകരിക്കണം. സർക്കാർ, അർധ സർക്കാർ, സഹകരണ, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിൽ നടത്തുന്ന യോഗങ്ങൾ, പരിപാടികൾ, ചടങ്ങുകൾ എന്നിവ ഓൺലൈനായി മാത്രം നടത്തണം.