കോട്ടയം : തിരുവാർപ്പിലെ നെല്ല് സംഭരണ പ്രശ്‌നം ഒത്തുതീർപ്പായി. കർഷകരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ നടത്തിയ ചർച്ചയിലാണ് പ്രശ്‌നം പരിഹരിച്ചത്. നെല്ല് സംഭരണം ചൊവ്വാഴ്‌ച (നവംബർ 14) ആരംഭിക്കും (Kottayam Thiruvarpp Farmers crisis solved).
കൊയ്‌തെടുത്ത നെല്ല് ഏറ്റെടുക്കാൻ ആളില്ലാതെ തിരുവാർപ്പ് മേഖലയിലെ കർഷകർ ഏറെ ബുദ്ധിമുട്ടിലായിരുന്നു. അപ്പർ കുട്ടനാടൻ മേഖലയിലെ നൂറുകണക്കിന് കർഷകരാണ് പ്രതിസന്ധിയിൽ ആയത്. 12 ദിവസമായി നെല്ല് കരയ്ക്ക് കയറ്റി സപ്ലൈക്കോയെ കാത്തിരിക്കുകയായിരുന്നു കർഷകർ. തിരുവാർപ്പ്, തട്ടാർക്കാട്, മണലടി, പാറേക്കാട് പാടശേഖരങ്ങളിലെ കർഷകർ ആണ് നെല്ല് സംഭരണം വൈകുന്നത് മൂലം ദുരിതത്തിലായിരുന്നത്. തലച്ചുമടായും ലോറിയിൽ കയറ്റിയുമാണ് നെല്ല് പാടത്ത് നിന്നും കയറ്റി റോഡിൽ എത്തിച്ചത്.