കോട്ടയം:അക്ഷര മുറ്റത്തേക്ക് പിച്ചവച്ച കുരുന്നുകളെ വരവേറ്റ് കോട്ടയം. പതിവിനേക്കാള്‍ ആഘോഷമായാണ് ഇത്തവണ ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം നടന്നത്. കുടമാളൂർ ജിഎച്ച്‌എസ്‌എസിലായിരുന്നു പരിപാടി. മന്ത്രി വി എന്‍ വാസവന്‍ പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന തല ഉദ്‌ഘാടനം മുഖ്യമന്ത്രി നിർവഹിക്കുന്നതിന്‍റെ തത്സമയ ദൃശ്യങ്ങൾ വേദിയിൽ പ്രദർശിപ്പിച്ചതിന് ശേഷമായിരുന്നു ജില്ലാ തല ഉദ്‌ഘാടനം നടത്തിയത്.
കുരുന്നുകളെ വരവേറ്റ് കോട്ടയം; ആഘോഷമായി ജില്ലാതല സ്‌കൂൾ പ്രവേശനോത്സവം - Kottayam school pravesanolsavam
'ഒരു നിയോജക മണ്ഡലത്തിൽ അന്തർദേശീയ നിലവാരമുള്ള ഒരു സ്‌കൂൾ' ജില്ലയിൽ നടപ്പാക്കുന്നതിനുള്ള പദ്ധതി കോട്ടയത്ത് തുടങ്ങി കഴിഞ്ഞെന്ന് മന്ത്രി വി എൻ വാസവന്‍ പറഞ്ഞു.
വിദ്യഭ്യാസ മേഖലയുടെ ഗുണനിലവാരം ഉയർത്തുന്ന പ്രവർത്തനങ്ങളാണ് സർക്കാർ നടത്തി കൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 'ആധുനിക രീതിയിലുള്ള വിദ്യഭ്യാസം പ്രാവർത്തികമായി കഴിഞ്ഞു. സ്‌മാര്‍ട്ട് ക്ലാസ് റൂമുകൾ എല്ലാ സ്‌കൂളുകളിലുമുണ്ട്. ഒരു നിയോജക മണ്ഡലത്തിൽ അന്തർദേശീയ നിലവാരമുള്ള ഒരു സ്‌കൂൾ എന്ന പദ്ധതി ജില്ലയിൽ നടപ്പാക്കുന്നതിനുള്ള പദ്ധതി തുടങ്ങി കഴിഞ്ഞെന്നും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിർമല ജിമ്മി അധ്യക്ഷയായി. കലക്‌ടർ ഡോ. പികെ ജയശ്രീ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്‌തു. അയ്‌മനം പഞ്ചായത്ത് പ്രസിഡന്‍റ് സബിത പ്രേംജി, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആര്യ രാജൻ, ജില്ലാ പഞ്ചായത്ത് വിദ്യഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി എസ് പുഷ്‌പമണി, ജില്ലാ പഞ്ചായത്തംഗം ഡോ റോസമ്മ സോണി, ബ്ലോക്ക് പഞ്ചായത്തംഗം കെകെ ഷാജിമോൻ, അയ്‌മനം ഗ്രാമപഞ്ചായത്ത് വിദ്യഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ദേവകി ടീച്ചർ, പഞ്ചായത്തംഗം ബിന്ദു ഹരികുമാർ, എസ്‌എസ്‌കെ ഡിപിസി മാണി ജോസഫ്, വിദ്യാകിരണം ജില്ലാ കോ- ഓർഡിനേറ്റർ കെജെ പ്രസാദ്, ഹയർസെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്‌ടർ കെ ബിന്ദു, ഹയർ സെക്കൻഡറി ജില്ലാ കോ- ഓർഡിനേറ്റർ പികെ അനിൽകുമാർ, അധ്യാപക പ്രതിനിധി ജി വിനോദ്, കുടമാളൂർ ജിഎച്ച്‌എസ്‌എസ് പ്രോഗ്രാം കൺവീനർ ജെ റാണി എന്നിവർ പങ്കെടുത്തു.