കോട്ടയം :പി.എഫ് തുക പാസാക്കാന്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനായി വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയ ഉദ്യോഗസ്ഥൻ അറസ്റ്റില്‍. കാസര്‍കോട് ഡെപ്യൂട്ടി ഡയറക്‌ടര്‍ ഓഫ് എജ്യുക്കേഷനിലെ ജൂനിയര്‍ സൂപ്രണ്ട് കണ്ണൂർ തളിക്കാവ് സ്വദേശി ആര്‍. വിനോയ് ചന്ദ്രനെയാണ് (41) വിജിലന്‍സ് പിടികൂടിയത്. എസ്.പി വി.ജി വിനോദ് കുമാറാണ് അറസ്റ്റിന് നേതൃത്വം നല്‍കിയത്.
പി.എഫ് വായ്‌പ തടഞ്ഞത് ഒരു മാസത്തോളം
സംസ്ഥാന ഗവ.എയ്‌ഡഡ് ഇന്‍സ്റ്റിറ്റ്യൂഷണല്‍ വിഭാഗം പ്രൊവിഡന്‍റ് ഫണ്ട് സംസ്ഥാന നോഡല്‍ ഓഫിസർ കൂടിയാണ് വിനോയ് ചന്ദ്രന്‍. കഴിഞ്ഞ മാസമായിരുന്നു കേസിനാസ്‌പദമായ സംഭവം. കോട്ടയം സ്വദേശിയായ വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരിയെ അശ്ലീല താത്‌പര്യത്തോടുകൂടി ഇയാള്‍ സമീപിക്കുകയായിരുന്നു. വീട് നിര്‍മാണത്തിനായി പി.എഫില്‍ നിന്നും വായ്‌പ എടുക്കുന്നതിനായാണ് ജീവനക്കാരി അപേക്ഷ നല്‍കിയത്. ഈ അപേക്ഷ വിനോയ് ഒരു മാസത്തോളം തടഞ്ഞുവച്ചു.
തുടര്‍ന്ന്, അപേക്ഷയില്‍ തീരുമാനം ആകാതെ വന്നതോടെ ഫോണില്‍ വിളിച്ച യുവതിയോട് വാട്‌സ് ആപ്പ് കോളില്‍ വിളിക്കാന്‍ ഇയാള്‍ ആവശ്യപ്പെട്ടു. വാട്‌സ് ആപ്പ് കോളില്‍ വിളിച്ചതോടെ ‘ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും വേണമെന്ന്’ ഇയാള്‍ പറഞ്ഞു. കാര്യം മനസിലായില്ല എന്ന് പറഞ്ഞ ജീവനക്കാരിയോട് വീഡിയോ കോളില്‍ വരാനായിരുന്നു നിര്‍ദേശം. ഇതിന് തയ്യാറാകാതെ വന്നതോടെ താന്‍ അടുത്ത ദിവസം കോട്ടയത്ത് വരുന്നുണ്ടെന്നും ഈ സമയം, കോട്ടയം നാഗമ്പടത്തെ ഐശ്വര്യ അപ്പാര്‍ട്‌മെന്‍റില്‍ മുറി എടുക്കാമെന്നും ഇവിടേക്ക് വരണമെന്നും നിര്‍ദേശിച്ചു.