കോട്ടയം:സർക്കാർ സ്‌കൂളിലെ കഞ്ഞിപ്പുരയിൽ സ്ഥാപിച്ചിരുന്ന സിസിടിവി കാമറ മോഷ്‌ടിച്ചയാൾ പിടിയിൽ. പായിപ്പാട് തൈയ്യാട്ടുകോളനിയിൽ തൈയ്യാട്ട് പാടിഞ്ഞാറേതിൽ വീട്ടിൽ ശരത് ചന്ദ്രനെയാണ് (19) തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്‌ച (18.08.22) പായിപ്പാട് നാലുകോടിയിലെ സർക്കാർ സ്‌കൂളിന്‍റെ കഞ്ഞിപ്പുരയിൽ സ്ഥാപിച്ചിരുന്ന സിസിടിവി കാമറ ഇയാൾ മോഷ്‌ടിച്ചിരുന്നു.
സ്കൂളിലെ കഞ്ഞിപ്പുരയിൽ നിന്ന് സിസിടിവി കാമറ മോഷ്‌ടിച്ചയാൾ പിടിയിൽ - കവർച്ച വാർത്ത
പായിപ്പാട് നാലുകോടിയിലെ സർക്കാർ സ്‌കൂളിന്‍റെ കഞ്ഞിപ്പുരയിൽ സ്ഥാപിച്ചിരുന്ന സിസിടിവി കാമറ മോഷ്‌ടിച്ചയാൾ പിടിയിൽ.
രാത്രിയിൽ പ്രതി സ്‌കൂൾ പരിസരത്ത് ഇരിക്കുന്നത് പതിവായിരുന്നു. മോഷണം നടത്തുന്നതിന് മുമ്പുള്ള ദിവസങ്ങളിൽ സ്‌കൂളും പരിസരവും നിരീക്ഷിച്ചതിനു ശേഷമാണ് ശരത് കഞ്ഞിപ്പുരയിൽ നിന്ന് കാമറ മോഷ്‌ടിച്ചതെന്നാണ് പൊലീസ് പറയുന്നത്. സ്‌കൂൾ അധികൃതരുടെ പരാതിയെ തുടർന്ന് തൃക്കൊടിത്താനം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.
തൃക്കൊടിത്താനം എസ്.എച്ച്.ഒ അജീബ്. ഇ, എസ്.ഐ ബോബി വർഗീസ്, എ.എസ്.ഐമാരായ സാൻജോ, ബിജുമോൻ, സി.പി.ഒ ശ്രീകാന്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.