കോട്ടയം :അൽഫാം കഴിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്‌സ് മരിച്ച സംഭവം ഭക്ഷ്യവിഷബാധയെന്ന് ഫോറൻസിക് റിപ്പോർട്ട്. അന്വേഷണ സംഘത്തിന് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചുകൊണ്ടുള്ള ഫോറൻസിക് റിപ്പോർട്ട് ഉടൻ കൈമാറും. ജനുവരി രണ്ടിനാണ് തിരുവാർപ്പ് പത്തിപ്പാറ വീട്ടിൽ രാജു - അംബിക ദമ്പതിമാരുടെ മകളും തിരുവനന്തപുരം സ്വദേശിയായ വിനോദ് കുമാറിന്‍റെ ഭാര്യയുമായ രശ്‌മി രാജ് മരണപ്പെട്ടത്.
കോട്ടയത്ത് അൽഫാം കഴിച്ച് നഴ്‌സ് മരിച്ച സംഭവം : ഭക്ഷ്യവിഷബാധയെന്ന് ഫോറൻസിക് റിപ്പോർട്ട് - reshmi death forencic result
ഡിസംബർ 29 ന് കോട്ടയം സംക്രാന്തിയിലെ കുഴിമന്തി ഹോട്ടലിൽ നിന്ന് അൽഫാം വാങ്ങി കഴിച്ച രശ്‌മി ജനുവരി രണ്ടിനാണ് ഭക്ഷ്യവിഷബാധയെ തുടർന്ന് മരണപ്പെട്ടത്
അസ്വാഭാവിക മരണത്തിന് കേസെടുത്ത ഗാന്ധിനഗർ പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ രശ്‌മി മരിച്ചത് അണുബാധയെ തുടർന്നാണ് എന്ന് കണ്ടെത്തുകയായിരുന്നു. ഇതേ തുടർന്ന് പൊലീസ് പ്രാഥമിക അന്വേഷണം നടത്തി.
മരിച്ച രശ്‌മിയുടെ ആന്തരികാവയവങ്ങൾ പരിശോധനയ്‌ക്കായി ഫോറൻസിക് ലാബിലേയ്‌ക്ക് അയച്ചതിൽ നിന്നാണ് മരണ കാരണം ഭക്ഷ്യവിഷബാധയെന്ന് സ്ഥിരീകരിക്കാനായത്. കേസിൽ ചീഫ് കുക്ക് സിറാജുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഉടമകളേയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ഇവർക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.