കോട്ടയം: ചരിത്ര പ്രസിദ്ധമായ നീലംപേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിൽ നടന്നുവന്ന പൂരം പടയണി ഭക്തിസാന്ദ്രമായി. പടയണിയുടെ സമാപന ദിവസമായ ശനിയാഴ്‌ച രാത്രിയിലായിരുന്നു അന്നങ്ങളുടെ എഴുന്നള്ളത്ത്. 91 പുത്തൻ അന്നങ്ങളാണ് നടയ്ക്ക് വച്ചത്.
അഴകുവിടർത്തി നീലംപേരൂർ പൂരം പടയണി ഭക്തർ വഴിപാടായി സമർപ്പിക്കുന്നതാണ് അന്നങ്ങൾ. തടിക്കൊണ്ടുള്ള ചട്ടക്കൂട്ടിൽ വാഴക്കച്ചിയും താമരയിലയും പൊതിയും. അതിനു ശേഷം വാഴപ്പോളയും ചെത്തി പൂക്കളും കൊണ്ട് അലങ്കരിക്കുമ്പോഴാണ് അന്നം പൂർത്തിയാകുന്നത്.
ചൂട്ടുവെളിച്ചത്തിന്‍റെ അകമ്പടിയിൽ ക്ഷേത്രത്തിന്‍റെ പതിനൊന്നേകാൽ കോൽ ഉയരമുള്ള വലിയ അന്നവും അഞ്ചേകാൽ കോൽ ഉയരമുള്ള രണ്ട് ചെറിയ അന്നങ്ങളും ആൽത്തറയിൽ നിന്നും പടയണി കളത്തിലേക്ക് എഴുന്നള്ളിയപ്പോൾ കണ്ടുനിന്നവരിൽ ആവേശം വാനോളം ഉയർന്നു. നാഗയക്ഷി, ഭീമസേനൻ, മാർക്കണ്ഡേയൻ, ഹനുമാൻ, രാവണൻ തുടങ്ങിയ കോലങ്ങളും പടയണിക്കളത്തിൽ എഴുന്നള്ളി. എല്ലാ അന്നങ്ങളും ക്ഷേത്ര സന്നിധിയിൽ എത്തിയ ശേഷം കാർമികൻ അരിയും തിരിയും സമർപ്പിച്ചതോടെ ചടങ്ങുകൾക്ക് അവസാനമായി.
ഓണം പിറ്റേന്ന് അവിട്ടം നാൾ മുതലാണ് ക്ഷേത്രത്തിൽ പൂരം പടയണി ആരംഭിച്ചത്. കൊവിഡിനെ തുടർന്ന് രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പടയണി നടന്നത്.