കോട്ടയം:കോട്ടയം നഗരസഭ ഭരണം വീണ്ടും യു.ഡി.എഫിന്. ബിൻസി സെബാസ്റ്റ്യൻ രണ്ടാമതും അധ്യക്ഷയായി. ബിൻസിയ്ക്ക് 22 വോട്ടും എതിർ സ്ഥാനാർഥി എല്‍.ഡി.എഫിലെ ഷീജ അനിലിന് 21 വോട്ടും ലഭിച്ചു.
കോട്ടയം നഗരസഭ ഭരണം നിലനിര്‍ത്തി യു.ഡി.എഫ്. 52 അംഗങ്ങൾ വോട്ട് രേഖപ്പെടുത്തേണ്ട തെരഞ്ഞെടുപ്പിൽ 51 പേരാണ് പങ്കെടുത്തത്. എൽ.ഡി.എഫിന്‍റെ ടി.എൻ മനോജ് രോഗാവസ്ഥയെ തുടർന്ന് വോട്ടുചെയ്യാനായി എത്തിയില്ല. ഇടതുവലതു മുന്നണികൾ തുല്യ ശക്തികളായ നഗരസഭയിൽ എല്‍.ഡി.എഫിന്‍റെ ഒരംഗം ആശുപത്രിയിലായത് തിരിച്ചടിയായി.
ALSO READ:Delhi Pollution: അതിര്‍ത്തിയിലും ലോക്ക്‌ഡൗണ്‍ വേണമെന്ന് ഡല്‍ഹി സര്‍ക്കാര്‍
ഒരു വോട്ടിന്‍റെ മുന്‍ തൂക്കമുള്ളതിനാല്‍ നറുക്കെടുപ്പ് ഇല്ലാതെ ബിൻസി സെബാസ്റ്റ്യന്‍ ചെയര്‍പേഴ്‌സണായി. ബി.ജെ.പിയ്‌ക്ക് എട്ട് അംഗങ്ങളാണുള്ളത്.
സെപ്റ്റംബർ 24 ന് എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസത്തെ തുടർന്നാണ് യു.ഡി.എഫിന് ഭരണം നഷ്‌ടപ്പെട്ടത്. അന്ന് ബി.ജെ.പി അംഗങ്ങൾ ഇടതുമുന്നണിയെ പിന്തുണച്ചു. ആദ്യ തവണ സ്വതന്ത്രയായി വിജയിച്ച ബിൻസിയെ കൂടെ കൂട്ടിയതോടെയാണ് യു.ഡി.എഫിന് അംഗങ്ങളുടെ എണ്ണം 22 ആയത്.
നറുക്കെടുപ്പിലൂടെയായായിരുന്നു ആദ്യ ടേമില്‍ അവര്‍ ചെയർപേഴ്‌സണായത്. നീണ്ട 52 ദിവസങ്ങൾക്ക് ശേഷമാണ് നഗരസഭയിൽ വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്.