കോട്ടയം: കോട്ടയം എംപിയും കേരള കോൺഗ്രസ് എം നേതാവുമായ തോമസ് ചാഴിക്കാടന്‍റെ വീട്ടിൽ മോഷണ ശ്രമം. കോട്ടയം എസ്.എച്ച് മൗണ്ടിലെ വസതിയിലാണ് ഇന്ന് പുലർച്ചെ 4.30 ഓടെ മോഷണ ശ്രമം നടന്നത്. ഈ സമയത്ത് എംപിയുടെ ഭാര്യ ബിനു മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
മുൻവശത്തെ ജനൽ തകർക്കുന്ന ശബ്‌ദം കേട്ടയുടന്‍ ലൈറ്റ് ഇട്ടതോടെ മോഷ്‌ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. അതേസമയം, കവർച്ച തന്നെയാണോ ലക്ഷ്യം എന്ന സംശയവും ഉയരുന്നുണ്ട്. വീടിന്‍റെ ജനൽചില്ലുകളും, ഗ്രില്ലുകളും തകർക്കപ്പെട്ടിട്ടുണ്ട്. മോഷ്ടാവ് വീടിനോട് ചേർന്ന വാട്ടർ ടാങ്കിൽ കയറി അതുവഴി മുകളിലത്തെ നിലയുടെ വരാന്തയിൽ കയറിയതായാണ് സംശയിക്കുന്നത്.