അഴിമതിയും സ്വജത പക്ഷപാതവും; കോട്ടയം നഗരസഭയില്‍ വീണ്ടും അവിശ്വാസ പ്രമേയം കോട്ടയം: നറുക്കെടുപ്പിലൂടെ കോട്ടയം നഗരസഭ അധ്യക്ഷയായ ബിൻസി സെബാസ്‌റ്റ്യനെതിരെ എൽഡിഎഫ് വീണ്ടും അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. തദ്ദേശ സ്വയംഭരണ വകുപ്പ് കൊല്ലം റീജണൽ ജോയിന്‍റ് ഡയറക്‌ടർക്കാണ് പ്രതിപക്ഷ പാർലമെന്‍ററി പാർട്ടി നേതാവ് അഡ്വ. ഷീജ അനിലിന്‍റെ നേതൃത്വത്തിൽ നോട്ടീസ് നൽകിയത്. നഗരസഭ അധ്യക്ഷ കഴിഞ്ഞ രണ്ട് വർഷമായി നഗരസഭയിൽ നടത്തിക്കൊണ്ടിരിക്കുന്ന അഴിമതിക്കും സ്വജത പക്ഷപാതത്തിനും കെടുകാര്യസ്ഥതയ്ക്കും എതിരായാണ് അവിശ്വാസ പ്രമേയം.
52 അംഗ കൗൺസിലിൽ യുഡിഎഫിന് 22 അംഗങ്ങളുടെ പിന്തുണയുണ്ടായിരുന്നു. എന്നാൽ, യുഡിഎഫ് അംഗമായ 38ാം വാർഡ് വനിത കൗൺസിലർ ജിഷ ഡെന്നി കഴിഞ്ഞ മാസം അന്തരിച്ചതോടെ അംഗബലം 21 ആയി ചുരുങ്ങി. എൽഡിഎഫിന് 22 സീറ്റുണ്ട്. യുഡിഎഫ് വിമതയായി മത്സരിച്ച ബിൻസി സെബാസ്‌റ്റ്യനെ അഞ്ചുവർഷം ചെയർപേഴ്‌സണാക്കാമെന്ന വാഗ്‌ദാനം നൽകിയാണ് യുഡിഎഫ് ഒപ്പം കൂട്ടിയത്.
ഭരണസമിതിയുടെ തുടക്കത്തിൽ എൽഡിഎഫിനും യുഡിഎഫിനും തുല്യസീറ്റ് വന്നതോടെ നറുക്കെടുപ്പിലൂടെയാണ് ബിൻസി അധ്യക്ഷയായത്. സെപ്റ്റംബറില്‍ എല്‍ഡിഎഫിന്‍റെ അവിശ്വാസപ്രമേയത്തെ ബിജെപി പിന്തുണച്ചതോടെയാണ് കോട്ടയം നഗരസഭ ഭരണം യുഡിഎഫിന് നഷ്‌ടമായത്. ബിജെപി പിന്തുണയോടെ അവിശ്വാസം പാസാക്കുകയും ബിൻസി പുറത്താകുകയും ചെയ്‌തു. എന്നാൽ, വീണ്ടും അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് വന്നപ്പോൾ ബിജെപി സ്വന്തം സ്ഥാനാർഥിയെ നിർത്തുകയും ബിൻസി തന്നെ വീണ്ടും അധ്യക്ഷ ആകുകയുമായിരുന്നു. ബിജെപിക്ക് എട്ട് അംഗങ്ങളാണുള്ളത്.
ലൈഫ് മിഷൻ പദ്ധതി (ഭൂരഹിത ഭവനരഹിതർക്ക് പാർപ്പിടം) പ്രകാരം ഒരു ഗുണഭോക്താവിന് പോലും വീട് നല്‍കാന്‍ കഴിയാത്ത കേരളത്തിലെ ഏക തദ്ദേശ സ്ഥാപനമാണ് കോട്ടയമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. കോട്ടയം നഗരസഭയുടെ പ്രവർത്തനങ്ങളിലും ഭരണനിർവഹണത്തിലും ചെയർപേഴ്‌സൺ അവലംബിക്കുന്നത് ഏകാധിപത്യ പ്രവണതയാണെന്ന് എൽഡിഎഫ് നേതാക്കൾ ആരോപിക്കുന്നു. അവിശ്വാസം പാസാകണമെങ്കിൽ 27 വോട്ട് വേണമെന്നിരിക്കെ ബിജെപി കൗൺസിലർമാർ കൂടി എൽഡിഎഫിനൊപ്പം നിന്നാലേ യുഡിഎഫിനെ അധികാരത്തിൽ നിന്നു പുറത്താക്കാൻ കഴിയൂ.