കോട്ടയം: പത്ത് ദിവസത്തെ അടച്ചുപൂട്ടലിന് ശേഷം കോട്ടയം മാർക്കറ്റ് തിങ്കളാഴ്‌ച തുറക്കും. കർശന ക്രമീകരണങ്ങളോടെയാണ് മാർക്കറ്റ് തുറക്കുക. സാമൂഹിക അകലവും സുരക്ഷിതത്വവും ഉറപ്പുവരുത്തി മാത്രമേ മാർക്കറ്റ് തുറക്കാവൂ കടയുടമകൾക്ക് ജില്ലാ ഭരണകൂടം നിർദേശം നൽകി. ദിവസവും രാവിലെ ശുചീകരണത്തിന് ശേഷമാവും മാർക്കറ്റ് തുറക്കുക. രാവിലെ 11 മണി മുതൽ വൈകിട്ട് അഞ്ച് വരെയാണ് മാർക്കറ്റ് തുറന്ന് പ്രവർത്തിക്കാൻ അനുമതി. വ്യാപാരികളും മാർക്കറ്റിലെത്തുന്നവരും മാസ്‌കുകൾ ധരിക്കണമെന്നും നിർദേശമുണ്ട്. പുലർച്ചെ നാലുമണി മുതൽ ഒമ്പത് മണി വരെ മാത്രമാണ് മാർക്കറ്റിൽ ലോറികളിൽ നിന്നും ചരക്കിറക്കാൻ അനുമതിയുള്ളത്. മാർക്കറ്റിലെ ലോഡിങ് തൊഴിലാളിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് മാർക്കറ്റ് പൂർണമായും അടച്ചു പൂട്ടിയത്.
കോട്ടയത്ത് മാർക്കറ്റ് തുറക്കാന്‍ അനുമതി
ദിവസവും രാവിലെ ശുചീകരണത്തിന് ശേഷമാവും മാർക്കറ്റ് തുറക്കുക. രാവിലെ 11 മണി മുതൽ വൈകിട്ട് അഞ്ച് വരെയാണ് മാർക്കറ്റ് തുറന്ന് പ്രവർത്തിക്കാൻ അനുമതി
കഴിഞ്ഞ 23ന് വൈകിട്ട് മാർക്കറ്റിൽ അഗ്നിശമന സേന അണുനശീകരണവും നടത്തിയിരുന്നു. തുടർന്ന് മാർക്കറ്റിലെ ചുമട്ടുതൊഴിലാളികളെ കൊവിഡ്-19 സ്രവ സാമ്പിൾ പരിശോധനക്ക് വിധേയരാക്കിയിരുന്നു. പരിശോധനയിൽ ലോഡിങ് തൊഴിലാളികളിലേക്കും മറ്റും രോഗം പകർന്നിട്ടില്ലന്ന് വ്യക്തമായതോടെയാണ് ഉപാധികളോടെ മാർക്കറ്റ് തുറക്കാൻ ജില്ലാ ഭരണകൂടം തീരുമാനമെടുത്തത്. 250 ഓളം വ്യാപാര സ്ഥാപനങ്ങളാണ് മാർക്കറ്റിലുള്ളത്. അപ്രതീക്ഷിതമായി ഉണ്ടായ ലോക്കിൽ മാർക്കറ്റിലെ വ്യാപാര സ്ഥാപനങ്ങളിലും മറ്റും സൂക്ഷിച്ചിരുന്ന പഴം പച്ചക്കറിയുൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ വ്യാപകമായി നശിച്ചിരുന്നു. ലക്ഷങ്ങളുടെ നഷ്‌ടമാണ് വ്യാപാരികൾക്ക് ഉണ്ടായത്.