കോട്ടയം : ജില്ലയിൽ കൊവിഡ് 19 രോഗികളുടെ എണ്ണം ഉയർന്നതോടെ ജാഗ്രത ശക്തമാക്കുന്നതിന്‍റെ ഭാഗമായി കോട്ടയം മാര്‍ക്കറ്റ് അണുവിമുക്തമാക്കി. കോട്ടയം ചന്തയിൽ ജോലിചെയ്തിരുന്ന ചുമട്ട് തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് മാര്‍ക്കറ്റ് അണുവിമുക്തമാക്കിയത്.
കോട്ടയം മാര്‍ക്കറ്റ് അണുവിമുക്തമാക്കി
കോട്ടയം ചന്തയിൽ ജോലിചെയ്തിരുന്ന ചുമട്ട് തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ചന്ത അണുവിമുക്തമാക്കിയത്
അടച്ചു പൂട്ടിയ കോട്ടയം മാർക്കറ്റ് ഇനി അറിയിപ്പുണ്ടാകുന്നത് വരെ തുറക്കില്ല. കോട്ടയത്തേക്കുള്ള ചരക്ക് ലോറികൾക്കും ജില്ലാ ഭരണകൂടം വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. രോഗികളെ കണ്ടെത്തിയ സ്ഥലങ്ങളിൽ ആളുകൾ പുറത്തിറങ്ങാൻ പാടില്ല. ഈ പ്രദേശങ്ങളിലുള്ളവർക്ക് ആവശ്യ സാധനങ്ങൾ വീടുകളിൽ എത്തിച്ചു നൽകാൻ തീരുമാനിച്ചതായി മന്ത്രി പി.തിലോത്തമൻ പറഞ്ഞു.
രോഗം സ്ഥിരീകരിച്ച ചുമട്ടുതൊഴിലാളിക്ക് പാലക്കാട് നിന്നെത്തിയ ഡ്രൈവറിൽ നിന്ന് രോഗം പകർന്നു എന്നാണ് നിഗമനം. സ്ഥിരീകരണത്തിനായി ഡ്രൈവറി പരിശോധന ഫലം ലഭിക്കേണ്ടതുണ്ട് . രോഗം സ്ഥിരീകരിച്ച രണ്ടാമത്തെ വ്യക്തി ആരോഗ്യ പ്രവർത്തകനാണ്. കോട്ടയം സ്വദേശിയായ ഇയാൾ തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്ക് എത്തിയതിനു ശേഷമാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ വീട്ടിൽ സ്വയം നീരീക്ഷണത്തിലായിരുന്നതിനാൽ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുന്നവരുടെ എണ്ണം കുറവാണ്. രോഗികളുടെ എണ്ണം ഉയർന്നതോടെ ഓറഞ്ച് സോണിലേക്ക് മാറിയ കോട്ടയം ജില്ലയിൽ പൊലീസിന്‍റെ നേതൃത്വത്തിൽ കർശന പരിശോധനകളാണ് നടക്കുന്നത്.