കോട്ടയം :ഏറ്റുമാനൂർ കാണക്കാരിയില്‍കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് വെട്ടിയ മഞ്‌ജുവിന്‍റെ (44) ഇടതുകൈ തുന്നി ചേർത്തു. ഇടത്ത് കൈമുട്ടിന് താഴെയുള്ള ഭാഗമാണ് ശസ്‌ത്രക്രിയയിലൂടെ തുന്നി ചേർത്തത്. എന്നാൽ വലതുകൈയിലെ അറ്റുപോയ മൂന്ന് വിരലുകൾ തുന്നി ചേർക്കാനായില്ല.
മുഖത്തും തലയ്‌ക്ക് പിന്നിലും മുറിവുകൾ ഉണ്ടായിരുന്നെന്നും വാക്കത്തി കൊണ്ടുള്ള വെട്ടിൽ ചുണ്ട് പിളർന്ന നിലയിലായിരുന്നുവെന്നും ഡോക്‌ടർമാർ പറഞ്ഞു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയാണ് മഞ്‌ജു. അതേസമയം ആക്രമണത്തിന് ശേഷം ഒളിവിൽ പോയ ഭർത്താവ് പ്രദീപ് കുമാറിനെ ഇനിയും പിടികൂടാനായിട്ടില്ല.
Also Read:ഭര്‍ത്താവ് ഭാര്യയെ വെട്ടി; കൈവിരലുകള്‍ അറ്റുപോയി, യുവതി തീവ്രപരിചരണ വിഭാഗത്തില്‍
ആക്രമണത്തിന് ഉപയോഗിച്ച വാക്കത്തി കാണക്കാരിയിലെ വീട്ടിൽ നിന്നും കണ്ടെടുത്തു. കുറവിലങ്ങാട് എസ്എച്ച്ഒ നിർമൽ ബോസിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. വെള്ളിയാഴ്‌ചയാണ് (ഒക്‌ടോബർ 14) കാണക്കാരിയിലെ വാടക വീട്ടിൽ വച്ച് മഞ്‌ജുവിനെ ഭർത്താവ് പ്രദീപ് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്.
മക്കളുടെ കൺമുൻപിൽ വച്ചായിരുന്നു അക്രമം. മദ്യപാനിയായിരുന്ന പ്രദീപിന് ഭാര്യയെ സംശയമായിരുന്നു. പ്രദീപ് വീട്ടിൽ നിന്ന് പുറത്ത് പോകുമ്പോൾ ഭാര്യയെ അകത്താക്കി വാതിലുകളും ജനലുകളും അടച്ച് പൂട്ടുമായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു.