കോട്ടയം:മുളയിൽ ഒരുക്കിയ പഴമയുടെ പുതുരുചിയുമായി ഒരു ചെറുപ്പക്കാരൻ. കൊവിഡും ലോക്ക്ഡൗണും മൂലം ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന്, പുതിയ ജീവിതം മെനഞ്ഞെടുക്കുകയാണ് ചുങ്കം പുല്ലരിക്കുന്ന് പറയണിയിൽ ബൈജുവിന്‍റെ മകൻ ലിജോമോൻ. നാട്ടറിവുകളും പഴമക്കാരിൽ നിന്ന് പകർന്ന് കിട്ടിയ അറിവുകളും സ്വായത്തമാക്കിയ ഈ 23കാരൻ, ആധുനിക കാലത്തെ അടുക്കള ഉപകരണങ്ങൾക്ക് പകരം പരിസ്ഥിതിസൗഹൃദമായി മുളയില്‍ പുട്ടുകുറ്റി, ഗ്ലാസ്, ജഗ് നാഴി മുതലായവ നിർമിച്ചാണ് വ്യത്യസ്‌തനാകുന്നത്.
നിർമാണ രീതി
പച്ചനിറത്തിലുള്ള കല്ലൻ മുളയാണ് നിർമാണത്തിനായി ഉപയോഗിക്കുന്നത്. കട്ടി ലഭിക്കുന്നതിനും ഈട് നിൽക്കുന്നതിനുമാണ് ഇവ തെരഞ്ഞെടുക്കുന്നത്. ഒരു മുളയ്ക്ക് 100 രൂപ എന്ന കണക്കിൽ കോട്ടയം എസ്.എച്ച് മൗണ്ടിൽ നിന്നാണ് മുള ശേഖരിക്കുന്നത്. ഇവ വൃത്തിയാക്കി ആവശ്യമായ വലിപ്പത്തിന് മുറിച്ചെടുക്കും. വിഷാംശം ഇല്ലാതാക്കാനും ഈട് നിൽക്കുന്നതിനും മഞ്ഞളും, ഉപ്പും പുരട്ടി ഇവ പുഴുങ്ങി രണ്ട് ദിവസം ഉണക്കിയെടുക്കാറാണ് പതിവ്.
തുടർന്ന് കട്ടർ മിഷനും സ്‌പാനറും ഉപയോഗിച്ച് ആവശ്യമായ ഉപകരണങ്ങൾ മെനഞ്ഞെടുക്കും. പുട്ടുകുറ്റിയുടെ ചുറ്റിലും വെള്ളത്തിലിട്ട ചക്കരകയർ ചുറ്റും. അടപ്പിനായി ചിരട്ടയാണ് ഉപയോഗിക്കുന്നത്. സാധാരണ ചിൽ തന്നെയാണ് ഇവയ്ക്ക് ഉപയോഗിക്കുന്നത്. കൂടാതെ കുഴയുള്ള ഗ്ലാസ്, വണ്ണം കൂടുതലുളള ജഗ്, നാഴി എന്നിവയും ലിജോ നിർമിക്കുന്നു. പുട്ടുകുറ്റി ഒന്നിന് 300 രൂപ, വാട്ടർ ജഗ് 250, ഗ്ലാസ് 100, നാഴി 120 എന്നിങ്ങനെയാണ് വില. ഇവ ഉപയോഗിച്ചശേഷം ഉണക്കിയെടുത്ത് വീണ്ടും ഉപയോഗിക്കാം.