കോട്ടയം: ലീഗൽ സർവീസ് അതോറിറ്റിയുടെ സേവനങ്ങൾ ജനങ്ങളിലെത്തുക്കുന്നതിനുള്ള കാമ്പയിനുകള്‍ നവംബർ 13 വരെ ജില്ലയിൽ സംഘടിപ്പിക്കുമെന്ന് ജില്ല ലീഗൽ സർവീസ് അതോറിറ്റി ചെയർമാനും പ്രിൻസിപ്പൽ ജില്ല സെഷൻസ് ജഡ്‌ജിയുമായ എൻ. ഹരികുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിയമസേവനങ്ങളെപ്പറ്റി അവബോധം സൃഷ്‌ടിക്കുന്നതിനായി ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും പരിപാടികൾ സംഘടിപ്പിക്കും. ജയിലുകൾ സന്ദർശിച്ച് നിയമസഹായത്തെക്കുറിച്ച് അവബോധം നൽകും.
ദേശീയ ലീഗൽ സർവീസ് അതോറിറ്റി എക്‌സിക്യൂട്ടീവ് ചെയർമാനായ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്‍റെ നിർദേശത്തെത്തുടർന്ന് ദേശീയ തലത്തിൽ നടത്തുന്ന പരിപാടികളുടെ ഭാഗമാണ് കാമ്പയിൻ. ക്ഷേമനിയമങ്ങൾ, സൗജന്യ നിയമസഹായം, ജയിലുകളിലും ശിശു സംരക്ഷണ സ്ഥാപനങ്ങളിലും കഴിയുന്നവർക്ക് അടിസ്ഥാന നിയമസഹായം നൽകൽ, തടവുകാരുടെ മോചനം, പരോൾ, ജയിൽ നിയമസഹായ ക്ലിനിക്കുകളുടെ പ്രവർത്തനം എന്നിവ സംബന്ധിച്ച് ലീഗൽ സർവീസ് അതോറിറ്റി ക്ലാസുകൾ നടത്തും.