കോട്ടയം: ആണുങ്ങൾ പെൺ വേഷം കെട്ടുന്ന ചമയവിളക്കിനെക്കുറിച്ച് എല്ലാവർക്കും അറിയാം. എന്നാൽ പുരുഷന്മാരുടെ താലമെടുപ്പും താലം തുള്ളലും നടത്തുന്ന ഒരു ക്ഷേത്രം കോട്ടയത്തുണ്ട്. കോട്ടയം രാമപുരത്തെ കുറിഞ്ഞിക്കാവാണ് അപൂർവമായ ആചാരം കൊണ്ട് വ്യത്യസ്‌തമാകുന്നത്.
കുറിഞ്ഞിക്കാവ് വനദുർഗാ ദേവി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണ് പുരുഷന്മാരുടെ താലമെടുപ്പും താലം തുള്ളലും നടന്നത്. കളമെഴുത്തും പാട്ടിനും ശേഷം ചെണ്ടമേളത്തിന്‍റെ അകമ്പടിയിൽ പുരുഷന്മാർ താലമെടുത്ത് ശ്രീകോവിലിന് മൂന്ന് പ്രദക്ഷിണം വയ്ക്കും. അതിനു ശേഷം ക്ഷേത്ര മൈതാനത്ത് പ്രത്യേകം ഒരുക്കിയ പിണ്ടി വിളക്കിന് പ്രദക്ഷിണം വച്ച ശേഷം താലം തുള്ളൽ ആരംഭിച്ചു. ഒറ്റക്കാലിൽ ഒരു പ്രത്യേക താളത്തിൽ താലം തലയ്ക്കു മുകളിൽ പിടിച്ച് നൃത്തം ചവിട്ടുന്നതാണ് താലം തുള്ളൽ. ചെണ്ട മേളത്തിന്‍റെ അകമ്പടിയോടെയുള്ള താലം തുള്ളൽ മണിക്കൂറുകൾ നീളും.
താലം തുള്ളലിനു ശേഷം പാണ്ടിമേളം കഴിഞ്ഞ് ചെമ്പടയോട് കൂടി പാട്ടമ്പലത്തിന്‍റെ മുറ്റത്തേയ്ക്ക് പ്രവേശിച്ച് കളംകണ്ട് തൊഴീലും കളം പാട്ടും നടത്തും. തുടർന്ന് താലസദ്യയും നടത്തുന്നതോടെയാണ് ചടങ്ങ് അവസാനിക്കുക. ചൊവ്വാഴ്‌ച ദീപാരാധനയ്ക്ക് ശേഷം നടന്ന പൂരം, ഇടി ചടങ്ങിനെ തുടർന്ന് ഏഴു ദിവസം ക്ഷേത്രത്തിൽ പൂജകളില്ല. ഇനി 12 തീയതിയാണ് നടതുറക്കുക.