കോട്ടയം: തകർന്നടിഞ്ഞ കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന്‍റെ നവീകരണ പ്രവർത്തനങ്ങൾക്കായി 1.91കോടി രൂപ അനുവദിച്ചു. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എയുടെ ആസ്‌തി വികസന ഫണ്ടിൽ നിന്നുള്ള തുക വിനിയോഗിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുക. വർഷങ്ങളമായി പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ബസ് സ്റ്റാൻഡ് നവീകരിക്കണമെന്ന ആവിശ്യത്തിന് കാലങ്ങളോളം പഴക്കമുണ്ട്.
കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് ശാപമോക്ഷം - തിരുവഞ്ചൂർ രാധകൃഷ്‌ണൻ എം.എൽ.എ
6000 സ്ക്വയർഫീറ്റ് ബസ് ടെർമിനൽ, 5000 സ്ക്വയർ ഫീറ്റിൽ യാർഡ്, ബസ് ഡിപ്പോ, കംഫർട്ട് സ്റ്റേഷൻ, കഫിറ്റേരിയ, ഓഫീസ്, 150 പേർക്കോളം ഇരിക്കാവുന്ന ഇരിപ്പിടങ്ങൾ എന്നിങ്ങനെ അത്യാധുനിക സംവിധാനങ്ങളാണ് പുതിയ പദ്ധതിയിൽ ഒരുങ്ങുന്നത്
കഴിഞ്ഞ സർക്കാരിന്‍റെ അവസാന കാലത്ത് ബസ് സ്റ്റാൻഡിന്‍റെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ 33 കോടിയോളം രൂപ മുതൽ മുടക്കിൽ വിഭാവനം ചെയ്‌ത പദ്ധതി പാതി വഴിയിൽ മുടങ്ങിപ്പോവുകയായിരുന്നു. സ്റ്റാൻഡ് പുനർനിർമ്മിക്കണമെന്ന ആവശ്യം ശക്തമായതിനെ തുടർന്ന് എം.എൽ.എ ഫണ്ടിൽ നിന്നും തിരുവഞ്ചൂർ രാധാകൃഷ്‌ണൻ നേരിട്ട് തുക അനുവദിക്കുകയായിരുന്നു. ഫെബ്രുവരിയോടെ പൂർത്തീകരിക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ നിർമ്മാണോദ്ഘാടനം കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം എൽ എ നിർവ്വഹിച്ചു. 6000 സ്ക്വയർഫീറ്റ് ബസ് ടെർമിനൽ, 5000 സ്ക്വയർ ഫീറ്റിൽ യാർഡ്, ബസ് ഡിപ്പോ, കംഫർട്ട് സ്റ്റേഷൻ, കഫിറ്റേരിയ, ഓഫീസ്, 150 പേർക്കോളം ഇരിക്കാവുന്ന ഇരിപ്പിടങ്ങൾ എന്നിങ്ങനെ അത്യാധുനിക സംവിധാനങ്ങളാണ് പുതിയ പദ്ധതിയിൽ ഒരുക്കിയിരിക്കുന്നത്. ഇപ്പോഴുള്ള കാലപ്പഴക്കം ചെന്ന ഓഫീസ് കെട്ടിടം പൊളിച്ചുനീക്കിയ ശേഷം പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് തീരുമാനം.