കോട്ടയം: 65 വർഷത്തോളം പഴക്കമുളള കോട്ടയം കെഎസ്ആർടിസി ഡിപ്പോയിലെ പഴയ കെട്ടിടം ഓർമയാകുന്നു. പുതിയ ടെർമിനൽ നിർമിക്കുന്നതിന്‍റെ ഭാഗമായാണ് പഴയ കെട്ടിടം പൊളിച്ചു മാറ്റുന്നത്. തിങ്കളാഴ്‌ച വൈകുന്നേരം നാലോടെ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ കെട്ടിടം പൊളിച്ചുമാറ്റുന്നതിന്‍റെ ഉദ്ഘാടനം നിർവഹിച്ചു.
15 ദിവസത്തിനുള്ളിൽ പൊളിച്ചുമാറ്റാനാണ് ലക്ഷ്യം. ഇല്ലിക്കൽ ഗ്രാൻഡ് ഫർണിച്ചർ ഉടമകളായ വിനോദ് കെ.വിദ്യാധരൻ, അബ്‌ദുൽ കരീം എന്നിവരാണ് കെട്ടിടം പൊളിച്ചുമാറ്റുന്നതിനായി കരാർ എടുത്തിരിക്കുന്നത്. 8 ലക്ഷം രൂപയാണ് പൊളിച്ചുമാറ്റലിനായി ചെലവാകുന്ന തുക. പഴയ കെട്ടിടമായതിനാൽ ആധുനിക രീതിയിലുള്ള മെഷീൻ ഉപയോഗിച്ചാണ് പൊളിക്കൽ.
വ്യാപാര സ്ഥാപനങ്ങൾ പൂർണമായും മാറ്റി
പൊളിക്കൽ നടപടികൾ ആരംഭിച്ചതോടെ സ്റ്റാൻഡിലെ നിലവിലെ യാത്ര സൗകര്യത്തിൽ മാറ്റം വരുത്തി. ബസ് ഇറങ്ങിപ്പോകുന്ന പ്രധാന കവാട ഭാഗം പൂർണമായും അടച്ചശേഷം ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് നിന്നും സമീപത്തെ ടാക്‌സി സ്റ്റാൻഡിലൂടെയാണ് ബസ് ഇറങ്ങിപ്പോകുക. തിങ്കളാഴ്‌ച അർധരാത്രിയോടെ സ്റ്റാൻഡിലെ വ്യാപാരസ്ഥാപനങ്ങൾ പൂർണമായും മാറ്റി.
പഴയ കെട്ടിടത്തിലെ സ്റ്റേഷൻ മാസ്റ്റർ ഓഫിസ്, ഇൻഫർമേഷൻ കൗണ്ടർ എന്നിവ കാന്‍റീനു സമീപമുളള കെട്ടിടത്തിലേക്ക് മാറ്റും. മറ്റ് ഓഫിസുകൾ, കസേര, പൊലീസ് എയ്‌ഡ്പോസ്റ്റ്, ഫോൺ സംവിധാനം എന്നിവ കാന്‍റീന് സമീപം 1000 സ്‌ക്വയർ ഫീറ്റിൽ നിർമിക്കുന്ന താത്കാലിക ഷെഡിലേക്ക് മാറ്റും. താത്കാലിക ഷെഡ് വരും ദിവസം നിർമിക്കും.