കോട്ടയം :ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ച സംഭവത്തിൽ ഹോട്ടല്‍ ഉടമ അറസ്റ്റിൽ. കാസര്‍കോട് കോയിപ്പടി കൊടിയമ്മ ലത്തീഫാണ് (37) ഗാന്ധിനഗർ പൊലീസിന്‍റെ പിടിയിലായത്. കോട്ടയം മെഡിക്കൽ കോളജിലെ സ്റ്റാഫ് നഴ്‌സ് രശ്‌മി രാജ് മരിച്ച സംഭവത്തിലാണ് നടപടി.
ഭക്ഷ്യവിഷബാധയേറ്റ് നഴ്‌സ് മരിച്ച സംഭവം : ഹോട്ടല്‍ ഉടമ അറസ്റ്റിൽ - ഭക്ഷ്യവിഷബാധ
2022 ഡിസംബറില്‍ കോട്ടയം മെഡിക്കല്‍ കോളജിലെ സ്റ്റാഫ് നഴ്‌സ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ച സംഭവത്തിലാണ് പൊലീസ് നടപടി
പ്രതിയെ കർണാടക ബെംഗളൂരുവിന് സമീപത്തെ കമ്മനഹള്ളിയിൽ നിന്നാണ് പിടികൂടിയത്. കോട്ടയം സംക്രാന്തിയിലുളള പാർക്ക് മലബാർ കുഴിമന്തി ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് ഡിസംബര്‍ 29നാണ് കേസിനാസ്‌പദമായ സംഭവം. ഇതിനെ തുടര്‍ന്ന് ഗാന്ധിനഗർ പൊലീസ് കേസ് രജിസ്റ്റർചെയ്യുകയും ഒളിവില്‍ പോയ ഹോട്ടലിലെ ചീഫ് കുക്കായ സിറാജുദ്ദീനെ കാടാമ്പുഴയിൽ നിന്ന് പിടികൂടുകയും ചെയ്‌തിരുന്നു.
ഒളിവിൽ പോയ ഹോട്ടൽ ഉടമയ്‌ക്ക് വേണ്ടി ജില്ല പൊലീസ് മേധാവി കെ കാർത്തിക്കിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് തെരച്ചിൽ ശക്തമാക്കിയിരുന്നു. ഗാന്ധിനഗർ സ്റ്റേഷന്‍ എസ്‌എച്ച്‌ഒ ഷിജി കെ, എസ്‌ഐ പവനൻ എംസി, സിപിഒമാരായ പ്രവിനോ, സുനിൽ, വിജയലാൽ, രാഗേഷ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.