കോട്ടയം: ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ച സംഭവത്തിൽ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റുചെയ്‌തു. മലപ്പുറം തിരൂര്‍ മേൽമുറി മുഹമ്മദ് സിറാജുദ്ദീനാണ് (20) ഗാന്ധിനഗർ പൊലീസിന്‍റെ പിടിയിലായത്. 2022 ഡിസംബര്‍ 29ന് സംക്രാന്തിയിലുള്ള ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്‌തുവരുത്തിയ ഭക്ഷണം കഴിച്ചാണ് യുവതി മരിച്ചത്.
കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ച സംഭവം: മുഖ്യപ്രതി പിടിയില്‍ - കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ച സംഭവം
കോട്ടയം മെഡിക്കല്‍ കോളജിലെ സ്റ്റാഫ് നഴ്‌സ്, ഭക്ഷ്യവിഷബാധയേറ്റ് ഇക്കഴിഞ്ഞ ഡിസംബറില്‍ മരിച്ച സംഭവത്തിലാണ് പൊലീസ് നടപടി
കിളിരൂർ പാലത്തറ സ്വദേശിയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സുകൂടിയായ രശ്‌മി രാജാണ് ഭക്ഷ്യവിഷബാധയെ തുടർന്ന് മരിച്ചത്. തുടർന്ന്, ഗാന്ധിനഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം നടത്തുന്നതിനിടയിൽ ഹോട്ടലിലെ മുഖ്യ പാചകക്കാരനായ സിറാജുദ്ദീൻ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന്, ജില്ല പൊലീസ് മേധാവി കെ കാർത്തിക്കിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും ഇയാൾക്ക് വേണ്ടി തെരച്ചിൽ ശക്തമാക്കുകയുമായിരുന്നു. മലപ്പുറം കാടാമ്പുഴയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
ഗാന്ധിനഗർ സ്റ്റേഷൻ എസ്‌എച്ച്‌ഒ ഷിജി കെ, കോട്ടയം വെസ്റ്റ് എസ്‌ഐ ശ്രീജിത്ത്, ഗാന്ധിനഗർ എസ്‌ഐ വിദ്യ വി, പവനൻ എംസി, സിപിഒമാരായ അനീഷ് വികെ, പ്രവീണ പിവി, സുബീഷ്, രാകേഷ് , അനീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.