കോട്ടയം :വിപണി കണ്ടെത്താനാകാതെ മത്സ്യ കർഷകർ. ബയോ ഫ്ലോക്ക് കൃഷി രീതിയിൽ 'പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന' പദ്ധതി വഴി എഴരലക്ഷത്തോളം രൂപ കടമെടുത്ത് കൃഷിയാരംഭിച്ചവരാണ് വിപണി കണ്ടെത്താനാകാതെ ബുദ്ധിമുട്ടിലായത്.
സബ്‌സിഡി കിട്ടുന്നതിനായി അമിത വില കൊടുത്താണ് മത്സ്യ കുഞ്ഞുങ്ങളെ ഇവർ വാങ്ങിയത്. എന്നാൽ മത്സ്യം ഏറ്റെടുക്കാനോ ന്യായവില ലഭ്യമാക്കാനോ മത്സ്യഫെഡ് തയാറായിട്ടില്ല. ഇതുമൂലം ലക്ഷങ്ങൾ മുടക്കി മത്സ്യ കൃഷിയാരംഭിച്ചവർ സാമ്പത്തിക പ്രതിസന്ധിയിലായി.
മത്സ്യങ്ങൾക്ക് വളർച്ച കുറഞ്ഞതും വെട്ടിലാക്കി
ടാങ്കുകളിൽ വളർത്തുന്ന മത്സ്യത്തിന് വിപണി ഇല്ലാതായി. സബ്‌സിഡിക്ക് വേണ്ടി അധിക വില നൽകിയാണ് ഇവർ മീൻ കുഞ്ഞുങ്ങളെ വാങ്ങിയത്. ഇവയ്ക്ക് വളർച്ച കുറവായതും കർഷകരെ ബുദ്ധിമുട്ടിലാക്കി. കൊവിഡ് മൂലം ജോലി നഷ്‌ടപ്പെട്ട് നാട്ടിൽ മടങ്ങിയെത്തിയ പലരും മത്സ്യകൃഷി തുടങ്ങി കടക്കെണിയിലായിരിക്കുകയാണ്.
വല്ലാർപാടത്തുനിന്നും മറ്റ് ഹാച്ചറികളിൽ നിന്നുo ഒരു മത്സ്യക്കുഞ്ഞിന് എട്ട് രൂപ കൊടുത്താണ് ഇവർ വാങ്ങിയത്. ട്രാൻസ്പോർട്ടേഷൻ കൂടിയാകുമ്പോൾ വില പത്ത് രൂപയാകും. മൂന്നുമാസം കൊണ്ട് ഒരു മത്സ്യം 300 ഗ്രാം തൂക്കത്തിൽ വളരുമെന്നായിരുന്നു മത്സ്യഫെഡിന്‍റെ ഉറപ്പ്. എന്നാൽ ആറുമാസം കഴിഞ്ഞിട്ടും 250 ഗ്രാം പോലും തൂക്കമുണ്ടായില്ലെന്ന് കർഷകർ പറയുന്നു.
മീനിന് രുചി ഇല്ലാതായതോടെ ആവശ്യക്കാരുമില്ല
300 ഗ്രാം തൂക്കം കിട്ടാൻ 180 രൂപയുടെ മുടക്ക് വരും. അതിനാൽ കിലോയ്ക്ക് 250 രൂപയെങ്കിലും കർഷകർക്ക് കിട്ടണം. ഇപ്പോൾ 200 രൂപയ്ക്ക് മത്സ്യം വെട്ടിക്കൊടുക്കുകയാണ്. ഇതിന് പുറമേ ദിവസം 1500 രൂപ മത്സ്യങ്ങൾക്ക് തീറ്റ വാങ്ങാനും വേണം.