കോട്ടയം : കള്ളനോട്ട് നൽകി ലോട്ടറി വാങ്ങിയ കേസിൽ അമ്മയും മകളും പിടിയില്‍. ആലപ്പുഴ അമ്പലപ്പുഴ കലവൂർ ക്രിസ്‌തുരാജ് കോളനിയിൽ പറമ്പിൽ വീട്ടിൽ വിലാസിനി (68) ഇവരുടെ മകളായ ഷീബ(34) എന്നിവരെയാണ് കോട്ടയം വെസ്‌റ്റ് പൊലീസ് അറസ്‌റ്റ് ചെയ്തത്. ബുധനാഴ്‌ച കോട്ടയം നഗരത്തിലെ കടയിൽ നിന്ന് ലോട്ടറി വാങ്ങുന്നതിനായി വിലാസിനി കള്ളനോട്ടുമായി എത്തി.എന്നാല്‍ സംശയം തോന്നിയ കടയുടമ പൊലീസിൽ വിവരമറിയിച്ചു.
തുടർന്ന് വെസ്‌റ്റ് പൊലീസ് സ്ഥലത്തെത്തുകയും അവരുടെ കൈവശമുള്ളത് കള്ളനോട്ടാണെന്ന് തിരിച്ചറിയുകയും ചെയ്‌തു. ഉടനെ തന്നെ വിലാസിനിയെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. ഇവരുടെ പക്കല്‍നിന്നും 100 രൂപയുടെ 14 വ്യാജ നോട്ടുകള്‍ കണ്ടെടുത്തു. തുടർന്ന് ഈ കേസില്‍ ജില്ല പൊലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് വിലാസിനിയെ ചോദ്യം ചെയ്തതിൽ നിന്നും ഇവരുടെ മകൾ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് മനസിലാക്കി. വാടകയ്ക്ക് താമസിക്കുന്ന കുറിച്ചി കാലായിപ്പടി ഭാഗത്തെ വീട്ടിലെത്തി മകൾ ഷീബയെ പിടികൂടുകയും ചെയ്തു.