കോട്ടയം: "ബോട്ട് ഒരെണ്ണം വെള്ളത്തില്‍ മുങ്ങിയത് കൺമുന്നില്‍ കിടക്കുകയാണ്. ചോദിച്ചാല്‍ അതിനെന്താ ബോട്ട് ആകുമ്പോൾ മുങ്ങും".ഇതാണ് മറുപടി. കോട്ടയം നഗരത്തിലെ കൊടൂരാറ്റില്‍ കോടിമത ജെട്ടിയിലാണ് ഈ കാഴ്‌ച.
ഇനി കാര്യത്തിലേക്ക് വരാം, മുങ്ങിയ ബോട്ട് ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിലിന്‍റെ നേതൃത്വത്തില്‍ ഉല്ലാസയാത്രകൾക്കായി ഉപയോഗിച്ചിരുന്നതാണ്. 2016 ല്‍ സർവീസ് അവസാനിപ്പിച്ച് ജെട്ടിയില്‍ കെട്ടിയിട്ടു. കാരണം ചോദിച്ചപ്പോൾ ഷോർട് സർക്യൂട്ടാണെന്ന് പറഞ്ഞു. 18 ലക്ഷം രൂപയ്ക്ക് വാങ്ങിയ ബോട്ട് അറ്റകുറ്റപ്പണി ചെയ്‌ത് വെള്ളത്തിലിറക്കാൻ 54 ലക്ഷം രൂപ വേണമെന്ന് പറഞ്ഞതായാണ് ഡിടിപിസി അധികൃതർ അന്ന് പറഞ്ഞത്.
ഇത്രയും തുക ചെലവാക്കി വെള്ളത്തിലിറക്കുന്നത് നഷ്‌ടമാണെന്ന് മനസിലായതോടെ ബോട്ടിനെ പൂർണമായും ഉപേക്ഷിച്ച മട്ടായി. കുറെ കഴിഞ്ഞപ്പോൾ പൊളിച്ച് ലേലം ചെയ്യാമെന്ന ഐഡിയ കിട്ടി. പക്ഷേ അവിടെയും ബോട്ടിന്‍റെ വിധി മറ്റൊന്നാണ്. പൂർണമായും വെള്ളത്തില്‍ മുങ്ങുന്ന ബോട്ട് ലേലം ചെയ്യുന്നത് എങ്ങനെയെന്നാണ് ഇനിയുള്ള ചിന്ത.
ഒറ്റനോട്ടത്തില്‍ കോട്ടയത്ത് ടൂറിസം വകുപ്പിന് വെള്ളത്തില്‍ മുങ്ങിയ ഈ ബോട്ട് മാത്രമാണുള്ളത്. എന്നാല്‍ അഞ്ച് വർഷം മുൻപ് വരെ അഞ്ചോളം ബോട്ടുകൾ ഉല്ലാസ യാത്രകൾക്കായുണ്ടായിരുന്നു എന്നാണ് മുൻ ജീവനക്കാർ പറയുന്നത്. ഇതില്‍ സ്‌പീഡ് ബോട്ടും, ശിക്കാരവള്ളങ്ങളും പെഡല്‍ബോട്ടുമൊക്കെയുണ്ടായിരുന്നു. പക്ഷേ ഇപ്പോൾ അവയൊന്നും കാണാൻ പോലുമില്ലെന്നാണ് ഈ രംഗത്ത് ജോലി ചെയ്തിരുന്നവർ പറയുന്നത്. സഞ്ചാരികൾക്ക് കുറഞ്ഞ ചെലവില്‍ കായല്‍ സൗന്ദര്യം അടക്കം ആസ്വദിക്കാനുള്ള അവസരമാണ് ഇതോടെ നഷ്‌ടമായത്.