കോട്ടയം: തെരുവ് നായകളെ നേരിടാൻ സമഗ്ര പദ്ധതിയുമായി കോട്ടയം ജില്ല. ജില്ലയിൽ നായകളെ വന്ധ്യകരിക്കുന്നതിനുള്ള പദ്ധതി ഉടൻ പുനരാരംഭിക്കും. നാല് കോടി രൂപയുടെ പദ്ധതിക്ക് ആണ് ജില്ലാ ഭരണകൂടം ആസൂത്രണം നൽകിയിരിക്കുന്നത്.
ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ഉൾക്കൊള്ളിച്ചു കൊണ്ടാണ് എബിസി പദ്ധതി പുനരാരംഭിക്കുന്നത്. കോട്ടയം കോടിമതയിലെ മൃഗസംരക്ഷണ വകുപ്പിന്റെ കേന്ദ്രത്തിൽ ആണ് വന്ധ്യകരണം തുടങ്ങുന്നത്. ഒരു ദിവസം 10 നായ്ക്കളെ വന്ധ്യകരിക്കുന്നതിനാണ് ആദ്യശ്രമം.
എബിസി പദ്ധതി പുനനാരംഭിക്കുന്നു; തെരുവ് നായകളെ നേരിടാൻ സജ്ജമായി കോട്ടയം ഇതിന് പിന്നാലെ ഉഴവൂരിലും പാലായിലും വന്ധ്യകരണ കേന്ദ്രങ്ങൾ സജ്ജമാക്കും. ഗ്രാമപഞ്ചായത്തുകൾ മൂന്നലക്ഷവും മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 5 ലക്ഷം രൂപയും ഇതിനായി മാറ്റിവെക്കണം. നേരത്തെ കുടുംബശ്രീക്ക് നൽകിയ ഒരു കോടി രൂപ തിരികെ വാങ്ങിയാണ് വന്ധ്യകരണ കേന്ദ്രങ്ങൾ സജ്ജമാക്കുന്നത്.
നായ പിടുത്തക്കാർക്കും പരിശീലനം നൽകും. നായ്ക്കളുടെ വന്ധ്യകരണത്തിന് ഏഴ് സെന്‍ററുകളാണ് ജില്ലയിൽ ഉദ്ദേശിക്കുന്നത്. നാലുവർഷം മുൻപാണ് എബിസി പദ്ധതി ജില്ലയിൽ നിലച്ചത്. ജില്ലയിൽ തെരുവ് നായകളുടെ അക്രമം രൂക്ഷമായ സാഹചര്യത്തിലാണ് തിരക്കുപിടിച്ചുള്ള നീക്കങ്ങളുമായി ജില്ലാ ഭരണകൂടം രംഗത്ത് വരുന്നത്.