കോട്ടയം:കേരളാ കോൺഗ്രസ് രാഷ്ട്രിയത്തിൽ ഏറ്റവും കടുത്ത വിവാദങ്ങളുടെ വിളനിലമായിട്ടാണ് കോട്ടയം ജില്ലാ പഞ്ചായത്ത് സംസ്ഥാനത്താകെ ചര്‍ച്ചയായത്. ജോസഫ് - ജോസ് വിഭാഗങ്ങള്‍ ഏറ്റവും കൂടുതല്‍ തമ്മിലടിച്ചത് ഈ പഞ്ചായത്തിലെ പ്രസിഡന്‍റ് സ്ഥാനത്തെച്ചൊല്ലിയാണ്. സംസ്ഥാന ശ്രദ്ധയാകര്‍ഷിച്ച ആ സ്ഥാനത്ത് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് ജോസ് പക്ഷക്കാരനായ സെബാസ്‌റ്റ്യൻ കുളത്തിങ്കല്‍.
ജില്ലാ പഞ്ചായത്തിൽ ഒരു വർഷം പൂർത്തിയാക്കി സെബാസ്‌റ്റ്യൻ കുളത്തിങ്കൽ - കോട്ടയം വാര്‍ത്തകള്‍
കേരള കോണ്‍ഗ്രസിലെ ജോസഫ് - ജോസ് വിഭാഗത്തിന്‍റെ രൂക്ഷമായ തമ്മിലടിക്ക് കാരണമായ സ്ഥാനമാണ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം.
ജോസ് പക്ഷത്തിന് എട്ടു മാസവും, ജോസഫ് പക്ഷത്തിലെ അജിത്ത് മുതിരമലക്ക് ആറ് മാസവും എന്ന ധാരണയിലാണ് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനകാലാവധി വീതിക്കപ്പെട്ടത്. എന്നാല്‍ കാലാവധി കഴിഞ്ഞിട്ടും സെബാസ്‌റ്റ്യൻ സ്ഥാനമൊഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ജോസഫ് പക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് നടന്ന സംഭവ വികാസങ്ങളിൽ കേരള കോൺഗ്രസ് ജോസ് പക്ഷം യു.ഡി.എഫിൽ നിന്നും പുറത്താക്കപ്പെടുകയും ചെയ്തു. പക്ഷേ പ്രതിസന്ധികളിലും ജില്ലാ പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞ് വിവാദങ്ങളുടെ കാഠിന്യം കുറക്കുകയാണ് സെബാസ്‌റ്റ്യൻ കുളത്തിങ്കൽ.
പ്രളയവും കൊവിഡും പ്രതിസന്ധി ഘട്ടങ്ങളായി മുന്നിലെത്തിയപ്പോഴും ഈ സാമ്പത്തിക വർഷത്തിലെ 73 ശതമാനം പദ്ധതി ചിലവുകളും ജില്ലാ പഞ്ചായത്ത് യാഥാർഥ്യമാക്കി. ജില്ലയുടെ വികസനത്തിലൂന്നിയുള്ള ഭരണത്തിൽ മുമ്പോട്ടു പോകുമ്പോഴും, രാഷ്ട്രിയ വിവാദങ്ങളിൽ ഉറച്ച നിലപാടാണ് സെബസ്റ്റ്യൻ കുളത്തിങ്കലിനുള്ളത്. പാര്‍ട്ടി പറഞ്ഞാല്‍ രാജി വയ്‌ക്കുമെന്നാണ് സെബാസ്‌റ്റ്യന്‍റെ പക്ഷം.